News

‘പ്രിയദർശിനി’ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയം വേണ്ട; വിമർശകർക്കെതിരെ സി.പി. ജോൺ

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിയുടെ ഉദ്ഘാടനം സിപിഎം ബഹിഷ്കരിക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. സിപിഎമ്മിന്റേത് ‘വിനാശകാലേ വിപരീതബുദ്ധി’യാണെന്നും, കുറച്ചുകാലം കഴിയുമ്പോൾ അവർ ഈ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു.

പാർട്ടിയുടെ ഈ ബഹിഷ്കരണ തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ, പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാൻ തങ്ങളുടെ മുഴുവൻ എംഎൽഎമാർക്കും സിപിഎം നേതൃത്വം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യുഡിഎഫ് മുന്നണി പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളല്ല ഇപ്പോൾ നടപ്പിലാക്കുന്നതെന്നും, ഈ പദ്ധതി വെറും ആളെപ്പറ്റിക്കലാണെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിക്കുന്നത്.

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് ഏതു ഭാഗത്തേക്കും സൗജന്യമായി യാത്ര ചെയ്യാം എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെന്നും എന്നാൽ ഇപ്പോൾ ആയിരം ഓർഡിനറി ബസുകളിൽ മാത്രമായി ഇത് ചുരുക്കിയെന്നുമാണ് സിപിഎമ്മിന്റെ ആക്ഷേപം. മലബാർ മേഖലയിൽ ഓർഡിനറി ബസുകൾ അപൂർവ്വമാണെന്നും, തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഈ പദ്ധതി വഴി സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും ആനുകൂല്യം ലഭിക്കില്ലെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

അതേസമയം, ജൂൺ 15-ന് രാവിലെ 8:30-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. ഒൻപത് മണി മുതൽ സ്ത്രീകൾക്കായി ‘സീറോ ടിക്കറ്റുകൾ’ വിതരണം ചെയ്തുതുടങ്ങും. വരുമാനമോ പ്രായമോ നോക്കാതെ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാവുന്ന ഈ ബസുകൾ തിരിച്ചറിയാൻ മുൻഭാഗത്ത് ‘പ്രിയദർശിനി’ സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button