അമ്മയുടെ ഇടപെടൽ ഫലം കാണുമോ? വിജയ് സംഗീത വീണ്ടും ഒരുമിക്കാമെന്ന അഭ്യൂഹം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ്യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന കേസിൽ പുതിയ വഴിത്തിരിവ്. ഇരുവരും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാൻ കുടുംബാംഗങ്ങൾ ഇടപെടുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
2021 മുതൽ ഇരുവരുടെയും ദാമ്പത്യബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന വിവരങ്ങളാണ് ഹർജികളിൽ മുൻപ് ഉയർന്നത്. വിവാഹേതര ബന്ധം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളോടെയാണ് സംഗീത കഴിഞ്ഞ ഫെബ്രുവരിയിൽ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.
എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വിജയ്യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കൾ ഇടപെട്ട് ഒത്തുതീർപ്പ് ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ലണ്ടനിലായിരുന്ന സംഗീത ചെന്നൈയിലെ വീട്ടിലേക്ക് തിരിച്ചെത്തിയെന്നും ഇരുവരും ഒരേ വീട്ടിൽ സമയം ചെലവഴിക്കുന്നുവെന്നുമാണ് സൂചന.
ജൂൺ 22-ന് വിജയ്യുടെ ജന്മദിനത്തോടനുബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കാമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇരുവരുടെയും ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
മുൻപ് ഹർജിയിൽ വിവാഹേതര ബന്ധം, കുടുംബത്തിൽ നിന്നുള്ള അകലം, സാമ്പത്തിക നിയന്ത്രണങ്ങൾ തുടങ്ങിയ ആരോപണങ്ങൾ സംഗീത ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ നടന്നിരുന്ന വിവാഹമോചന കേസ് ഇപ്പോൾ കുടുംബ ഇടപെടലിലൂടെ ഒത്തുതീർപ്പിലേക്ക് നീങ്ങുമോയെന്നതാണ് പ്രധാന ചോദ്യമായി മാറുന്നത്.




