News

കരിപ്പൂർ സ്വർണ്ണക്കവർച്ച കേസ്: അന്വേഷണം അർജുൻ ആയങ്കിയിലേക്ക്; സംഘബന്ധങ്ങൾ പരിശോധിച്ച് പോലീസ്

മലപ്പുറം: കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണ്ണക്കവർച്ച കേസിൽ അന്വേഷണം കണ്ണൂർ സ്വദേശിയായ അർജുൻ ആയങ്കിയിലേക്ക് നീളുന്നു. കേസിലെ നിലവിലെ പ്രതികൾക്ക് ഇയാളുമായി അടുത്ത ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കൂടുതൽ പരിശോധനകൾ ആരംഭിച്ചിരിക്കുന്നത്.

സ്വർണം തട്ടിയെടുക്കാൻ കണ്ണൂരിൽ നിന്ന് പ്രത്യേക സംഘത്തെ അയച്ചത് അർജുൻ ആയങ്കിയുടെ നിർദ്ദേശപ്രകാരമാണോ എന്ന കാര്യവും പോലീസ് വിശദമായി പരിശോധിക്കുകയാണ്. ശക്തമായ തെളിവുകൾ ലഭിച്ചാൽ ഇയാളെ കേസിൽ പ്രതി ചേർക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതോടെ കേസിന്റെ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വർണം എ.ആർ. നഗർ സ്വദേശിക്ക് വേണ്ടിയാണെന്ന വിവരവും അന്വേഷണത്തിൽ പുറത്തുവന്നു. ഇയാളെ കണ്ടെത്താൻ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച കരിപ്പൂർ വിമാനത്താവള പരിസരത്ത് സംശയാസ്പദമായി കണ്ടെത്തിയ സംഘത്തെ കസ്റ്റഡിയിലെടുത്തതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. ഇവരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത്.

ഇതിനിടെ, കാണാതായതായി ബന്ധുക്കൾ പരാതി നൽകിയ മഞ്ചേരി മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹാണ് സ്വർണം കൊണ്ടുവന്നതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. സ്വർണം തട്ടിയെടുക്കാൻ അർജുൻ ആയങ്കിയുടെ കൂട്ടാളിയായ അഭിജിത്ത് വലിയ തുക പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നുവെന്നും പോലീസ് പറയുന്നു.

എന്നാൽ ഈ വാഗ്ദാനം നിരസിച്ച് സൽമാൻ സ്വർണം മറ്റൊരു സംഘത്തിന് കൈമാറുകയായിരുന്നു. തുടർന്ന് പരപ്പനങ്ങാടി സ്വദേശി സാദിഖ്, നിലമ്പൂർ സ്വദേശി ഷബി എന്നിവരുമായി ചേർന്ന് എറണാകുളത്ത് എത്തി ബാഗ് തുറന്ന് സ്വർണം പങ്കിട്ടെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.

സൽമാനെയും സാദിഖിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിയെടുത്ത സ്വർണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button