
കീം എൻജിനിയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പ്ലസ് ടു മാർക്ക് സമർപ്പിക്കേണ്ട അവസാന തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരള ഹൈക്കോടതിയിൽ ഹർജി നൽകി.
കൊച്ചി: കീം എൻജിനിയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പ്ലസ് ടു മാർക്ക് ലിസ്റ്റ് സമർപ്പിക്കേണ്ട അവസാന തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹർജി. കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരള ഉൾപ്പടെയുളളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജൂണ്‍ 9ന് വീണ്ടും പരിഗണിക്കും.
നിലവിൽ മാർക്ക് ലിസ്റ്റ് സമർപ്പിക്കാനുള്ള അവസാന തീയതി എൻട്രൻസ് പരീക്ഷാ കൺട്രോളർ നിശ്ചയിച്ചിട്ടുണ്ട്. സിബിഎസ്ഇ പുനർ മൂല്യനിർണയം പൂർത്തിയാകാത്തതിനാൽ, നിലവിലെ മാർക്ക് സമർപ്പിക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരായിരിക്കുകയാണ്. പുനർ മൂല്യനിർണയത്തിൽ കൂടുതൽ മാർക്ക് ലഭിച്ചാൽ കീം റാങ്കിലും മാറ്റമുണ്ടാകും.
കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂള്‍സ് കേരളയുടെ ഭാഗത്ത് നിന്നും ഡോ. ഇന്ദിര രാജനും പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകിയ വിദ്യാർത്ഥികളും ഹർജി സമർപ്പിച്ചു. സിബിഎസ്ഇ ഈ വർഷം പ്ലസ് ടു പരീക്ഷയുടെ പേപ്പറുകളുടെ മൂല്യനിർണയത്തെ ഓൺ സ്ക്രീൻ മാർക്കിങ് സംവിധാനം വഴി നിർവഹിക്കാൻ മാറ്റിയതോടെയാണ് മാർക്ക് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നത്. ഇതിന്റെ പോരായ്മകൾ സംബന്ധിച്ച് വ്യാപക പരാതി ഉയർന്നതിനെ തുടർന്ന്, പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാൻ വിദ്യാർത്ഥികൾക്ക് ഇന്നലെ വരെ അവസരം നൽകിയിരുന്നു. ഇതിനിടെയാണ് 12-ാം ക്ലാസ് മാർക്ക് അപ്ലോഡ് ഇന്നത്തോടെ ചെയ്യണമെന്ന കേരള പ്രവേശന പരീക്ഷാ കമ്മിഷണറുടെ വിജ്ഞാപനം.



