News

ഐസിയുവിൽ നിന്ന് വാർഡിലെത്തിച്ചപ്പോൾ കാലിൽ പുഴുക്കൾ; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ കടുത്ത പ്രതിഷേധം

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ സർജറി ചെയ്ത കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയതായി പരാതി. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥ മൂലം ഈ ദുരനുഭവം ഉണ്ടായത്. മെഡിക്കൽ കോളേജിൽ കടുത്ത ചികിത്സാപ്പിഴവാണ് സംഭവിച്ചിരിക്കുന്നതെന്ന് രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു.

കഴിഞ്ഞ മാസം 28-ാം തീയതി ഉണ്ടായ ഒരു ബൈക്ക് അപകടത്തിലാണ് രാജേന്ദ്രപ്രസാദിന്റെ കാലിന് ഗുരുതരമായി പരിക്കേൽക്കുന്നത്. അപകടത്തെത്തുടർന്ന് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും പരിക്കേറ്റ കാലിൽ ശസ്ത്രക്രിയ നടത്തി കമ്പിയിടുകയും ചെയ്തു. സർജറിക്ക് ശേഷം കഴിഞ്ഞ അഞ്ച് ദിവസമായി ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് അഞ്ച് ദിവസത്തെ ഐസിയു വാസത്തിന് ശേഷം രാജേന്ദ്രപ്രസാദിനെ ജനറൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തറിയുന്നത്.

വാർഡിലെത്തിച്ച രോഗിയുടെ സർജറി ചെയ്ത കാലിൽ പുഴുക്കൾ അരിക്കുന്ന നിലയിലാണ് ബന്ധുക്കൾ കണ്ടത്. രോഗിയുടെ അവസ്ഥ കണ്ട് പ്രകോപിതരായ ബന്ധുക്കൾ ആശുപത്രിയിൽ വലിയ രീതിയിൽ ബഹളം വെക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ബന്ധുക്കളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ആശുപത്രി അധികൃതർ രോഗിയെ അടിയന്തരമായി വീണ്ടും ഐസിയുവിലേക്ക് തന്നെ മാറ്റിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button