ഇഡിക്ക് നേരെയുണ്ടായ ആക്രമണം ‘സ്വാഭാവിക പ്രതികരണം’; ന്യായീകരിച്ച് സിപിഎം നേതാക്കൾ; ‘അക്രമം ഇങ്ങനെ ഒന്നുമല്ലെന്ന്’ എം. സ്വരാജ്; പൊലീസിന് വീഴ്ച പറ്റിയെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: ഇഡി റെയ്ഡിനെ തുടർന്നുണ്ടായ ആക്രമണത്തെ ന്യായീകരിച്ച് സിപിഎം നേതാക്കൾ രംഗത്ത്. തിരുവനന്തപുരത്ത് സംഭവിച്ചത് സ്വാഭാവിക പ്രതികരണമാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. ഇഡി യെ ആക്രമിച്ചു എന്നാണ് മാധ്യമ വാർത്ത. എന്നാൽ, അക്രമം ഇങ്ങനെ ഒന്നുമല്ലെന്നും സ്വരാജ് പറഞ്ഞു. അണപ്പൊട്ടി എത്തിയ ജനസഞ്ചയം വലിയ നെറികേടിനെതിരെ പ്രതികരിച്ചതാണ്. ഏതെങ്കിലും അക്രമത്തിനെ പിന്തുണക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവരല്ല ഇടതു പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു.
പ്രിയപ്പെട്ട നേതാക്കൾക്കെതിരെ തിരിഞ്ഞാൽ ജനം ക്ഷുഭിതരാകുമെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറിനു നേരെയുള്ള ആക്രമണിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇ ഡി പരിശോധന കോൺഗ്രസ് – ബിജെപി ഡീൽ ആണെന്നും തിരുവനന്തപുരത്തുണ്ടായത് സ്വാഭാവിക പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷുഭിതരായ ജനക്കൂട്ടത്തിനിടയിലേക്കാണ് കാറുമായി പോയത്. ഏത് ഗാന്ധിയനായാലും പ്രതികരിക്കും. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോൾ സംഭവിച്ചത് കണ്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഈ ഡി പരിശോധന നടന്നതെന്നും അദ്ദേഹം ചോദിച്ചു. ബിനീഷ് കോടിയേരിക്കെതിരായ എതിരായ ഇ ഡി അന്വേഷണത്തിൽ അന്നത്തെ സാഹചര്യത്തിനനുസരിച്ചായിരുന്നു പാർട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.
വി. ശിവന്കുട്ടി
ഇന്നലെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധമാണെന്ന് വി. ശിവൻകുട്ടിയും പ്രതികരിച്ചു. ഇത്രയും പ്രതിഷേധമുണ്ടായപ്പോൾ ശാന്തമായ അന്തരീക്ഷം ഉണ്ടായതിനുശേഷം ഈ ഡി ഉദ്യോഗസ്ഥർ പുറത്തിറങ്ങണമായിരുന്നു. പ്രതിഷേധ മാർച്ചുമായി പ്രവർത്തകർ എത്തി. അന്വേഷണ ഉദ്യോഗസ്ഥരെ തടസപ്പെടുത്താൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. പൊലീസിന് വീഴ്ച ഉണ്ടായി. പൊലീസ് പാർട്ടി ഓഫീസിൽ റെയ്ഡ് ചെയ്യാൻ ശ്രമിച്ചു. സാധാരണ പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യറില്ല. പാർട്ടി പ്രവർത്തകർക്ക് എതിരെ ഉള്ള കേസുകൾ നിയമപരമായി നേരിടുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.




