ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു; നടപടി ‘ഓപ്പറേഷൻ നംഖോറി’ന്റെ ഭാഗമായി

ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ദുല്‍ഖര്‍ നായകനായ ലക്കി ഭാസ്‌കര്‍ സിനിമയില്‍ ഉപയോഗിച്ച വാഹനമാണ് പിടിച്ചെടുത്തത്. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായാണ് നീക്കം. കളമശ്ശേരിയിലെ ഷോറൂമില്‍ സൂക്ഷിച്ച നിസ്സാന്‍ പെട്രോള്‍ കാറാണ് പിടിച്ചെടുത്തത്.
നേരത്തെ ദുല്‍ഖര്‍ സല്‍മാന്റെ മൂന്ന് ആഡംബര വാഹനങ്ങള്‍ ‘ഓപ്പറേഷന്‍ നുംഖോര്‍’ അന്വേഷണത്തിന്റെ ഭാഗമായിപിടിച്ചെടുത്തിരുന്നു. ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമാണ് നീക്കം. ഒരാളുടെ അറസ്റ്റും രേഖപ്പെടുത്തി. കോഴിക്കോട് എം എസ് റോഡ് വേ കാര്‍സിന്റെ പങ്കാളി സൈന്‍ മാര്‍വേയാണ് അറസ്റ്റിലായത്.
ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തി വഴി വ്യാജ രേഖകളും എംബസികളുടെ പേരുകളും ഉപയോഗിച്ച് ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് കടത്തിയെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇന്ത്യയിലെ മുന്‍ ഉടമസ്ഥരില്‍ നിന്നും കൃത്യമായ ബാങ്ക് ഇടപാടുകളിലൂടെയും നിയമപരമായ രേഖകളോടെയുമാണ് താന്‍ ഈ വാഹനങ്ങള്‍ വാങ്ങിയതെന്ന് ദുല്‍ഖര്‍ അറിയിച്ചിരുന്നു.
അന്താരാഷ്ട്ര റെഡ് ക്രോസ് സംഘടന ഡല്‍ഹിയിലേക്ക് കൊണ്ടുവന്ന വാഹനമാണ് താന്‍ വാങ്ങിയ ഡിഫെന്‍ഡര്‍ എന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റംസ് അറിയിച്ചു. അസമില്‍ മാത്രം ഏഴുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.




