
കേരളത്തിൽ വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകും. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കു പടിഞ്ഞാറൻ അറബിക്കടലിനു മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ അടുത്ത 5 ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് ഉള്ളത്. നാളെ 3 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ആണ് യെല്ലോ മുന്നറിയിപ്പ് ഉള്ളത്. സംസ്ഥാനത്ത് പതിമൂന്നാം തീയതി വരെ വിവിധ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് തുടരും.
ഇവിടങ്ങളിൽ എല്ലാം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശങ്ങൾ യഥാക്രമം പാലിക്കണം എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




