Kerala

ജനവിധി ആദരവോടെ സ്വീകരിക്കുന്നു; ശക്തമായ പ്രതിപക്ഷമായി എൽഡിഎഫ് ഉണ്ടാകും: പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ തോൽവിക്ക് പിന്നാലെ ആദ്യമായി പ്രതികരിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും ശക്തമായ പ്രതിപക്ഷമായി മുന്നോട്ട് പോകുമെന്നും പിണറായി വിജയൻ പ്രസ്താവനയില്‍ പറഞ്ഞു. എൽഡിഎഫിന് തീർത്തും അപ്രതീക്ഷിത തെരഞ്ഞെടുപ്പ് ഫലമാണുണ്ടായതെങ്കിലും വലിയൊരു ജനവിഭാഗം മുന്നണിക്കൊപ്പം ഉറച്ചുനിന്നത് ആത്മവിശ്വാസം നൽകുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. തുറന്ന പരിശോധന നടത്തുമെന്നും അഭിപ്രായങ്ങൾ ഗൗരവമായി കേൾക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ ശക്തിയോടെ തിരിച്ച് വരുമെന്ന് പറഞ്ഞ പിണറായി വിജയന്‍, വിജയിച്ച യുഡിഎഫിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്ലാവിധ എതിർപ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും ഇടയിലും എൽഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു. മൂന്നാംവട്ടം തുടർച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.

എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയിൽ വീണ്ടെടുക്കാനും കൂടുതൽ ശക്തമായി മുന്നോട്ട് പോകാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കഴിഞ്ഞ 10 വർഷങ്ങളിലുടനീളം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നത് നിസ്സംശയമാണ്. അവ നിലച്ചുപോകാതിരിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ശക്തമായ ജനജാഗ്രത തുടർന്നും ഉണ്ടാകേണ്ടതുണ്ട്.

നവകേരള നിർമ്മാണത്തിനായി എൽഡിഎഫ് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ — വിജ്ഞാന സമ്പദ്‌വ്യവസ്ഥ, യുവജന തൊഴിൽ, സാമൂഹ്യനീതി, പൊതുആരോഗ്യവും വിദ്യാഭ്യാസവും — ഇവയെല്ലാം ഇനി മുന്നോട്ടുപോകുമെന്ന് ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കും. അതിദാരിദ്ര്യ നിർമാർജനവും സ്ത്രീശക്തീകരണവും സാമൂഹ്യസുരക്ഷയും ഉൾപ്പെടെയുള്ള മേഖലകളിൽ ഞങ്ങൾ മുന്നോട്ടുവെച്ച നയങ്ങൾ ജനങ്ങൾക്ക് ആവശ്യമായവയാണ്. അവ നടപ്പിലാക്കുന്നതിനായി പുതിയ സർക്കാരിന്മേൽ ജനാധിപത്യ സമ്മർദ്ദം ചെലുത്തും.

ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണക്കും. അതേസമയം, ജനവിരുദ്ധമായ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യും. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button