News

വോട്ട് വിഹിതത്തിലും യുഡിഎഫ് തരംഗം; ചരിത്ര വിജയം കുറിച്ചത് 46.5 ശതമാനം വോട്ട് നേടി, എൽഡിഎഫിന് കനത്ത തിരിച്ചടി

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി അധികാരത്തിലെത്തുന്ന യുഡിഎഫ് നേടിയത് 46.5 ശതമാനം വോട്ട് വിഹിതം. 2021ലേക്കാൾ 7.09 ശതമാനം വർധനയാണ് യുഡിഎഫിന് ലഭിച്ചത്. എൽഡിഎഫിന് 2021ലേക്കാൾ 7.68 ശതമാനം വോട്ട് കുറവുണ്ടായി. അതേസമയം എൻഡിഎയ്ക്ക് 1.66 ശതമാനം വോട്ട് മാത്രമാണ് വർധിച്ചത്.

കനത്ത തോൽവി ഏറ്റുവാങ്ങിയ എൽഡിഎഫിനെ എട്ട് ശതമാനത്തിൻ്റെ വോട്ട് വ്യത്യാസത്തിൽ പിന്നിലാക്കിയാണ് യുഡിഎഫ് അധികാരം പിടിച്ചത്. 2021 ൽ 39.41 ശതമാനം വോട്ട് വിഹിതം നേടിയ യുഡിഎഫ് 2026ൽ വോട്ട് വിഹിതം 46.5 ശതമാനമായി ഉയർത്തി. 7.09 ശതമാനം വോട്ട് വിഹിതമാണ് ഇത്തവണ യുഡിഎഫിന് വർധിച്ചത്. നിയമസഭ തെര‍ഞ്ഞെടുപ്പിൽ കേരള ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷം നേടിയ പി കെ കുഞ്ഞാലിക്കുട്ടിയുടേത് അടക്കം മികച്ച ഭൂരിപക്ഷവും വോട്ട് വിഹിതവും നേടിയാണ് യുഡിഎഫ് സ്ഥാനാർഥികളുടെ ജയം.

13 മന്ത്രിമാരടക്കം കൂട്ടത്തോൽവി നേരിട്ട എൽഡിഎഫിന് 2021 ൽ 45.28 ശതമാനം വോട്ട് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ 37.6 ശതമാനം വോട്ട് മാത്രമാണ് എൽഡിഎഫിന് ലഭിച്ചത്. 7.68 ശതമാനം വോട്ടിൻ്റെ കുറവുണ്ടായി. മൂന്ന് മണ്ഡലങ്ങളിൽ ജയിച്ച് ബിജെപി വീണ്ടും അക്കൗണ്ട് തുറന്നപ്പോൾ എൻഡിഎയ്ക്ക് 1.66 ശതമാനം വോട്ടിൻ്റെ വർധനയുണ്ടായി. 2021ൽ 12.54 ശതമാനം വോട്ടുണ്ടായിരുന്ന എൻ‍ഡിഎ ഇത്തവണ 14.2 ശതമാനമായി വോട്ട് വിഹിതം ഉയർത്തി. ബിജെപിക്ക് മാത്രം 11.42 ശതമാനം വോട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളിൽ 28.79 ശതമാനം വോട്ട് നേടിയ കോൺഗ്രസിനാണ് വോട്ട് വിഹിതം കൂടുതൽ. സിപിഎമ്മിന് 21.77 ശതമാനം വോട്ടും മുസ്ലിം ലീഗിന് 11.01 വോട്ടും സിപിഐയ്ക്ക് 6.64 ശതമാനം വോട്ടും ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button