
പാചക വാതക വില ഒറ്റയടിക്ക് കൂട്ടിയ കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാചക വാതകത്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വില വർധന ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാണിജ്യ എൽപിജി സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപയോളം വർധിപ്പിച്ചത് ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ തകർക്കുന്ന നടപടിയാണ്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ് സർക്കാർ വില വർധിപ്പിച്ചത്. ജനജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കിയ തീരുമാനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം മാസങ്ങളായി പാചകവാതക ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഹോട്ടൽ വ്യവസായ മേഖലയ്ക്ക് അന്യായമായ ഈ വിലവർധന താങ്ങാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.




