KeralaNews

കേരളത്തില്‍ കൊടും ചൂട് തുടരുന്നു ; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; മുന്നറിയിപ്പ്

കേരളത്തില്‍ കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ 41 °C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 °C വരെയും താപനില ഉയർന്നേക്കാം. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 °C വരെയും താപനില ഉയരാനിടയുണ്ട്. തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 4 to 5˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരളത്തില്‍ ഉഷ്ണതരംഗ സാഹചര്യം ഉണ്ടാകുന്നത് അപൂര്‍വമാണ്. 2016-ല്‍ പാലക്കാട്ടും തൃശ്ശൂരും 2024-ല്‍ പാലക്കാട്ടും കോഴിക്കോടും ഉഷ്ണതരംഗം സ്ഥിരീകരിച്ചിരുന്നു. ഈ മാസം 26 വരെ കേരളത്തിലെ 12 ജില്ലകളിലും താപനില ശരാശരിയില്‍ നിന്ന് മൂന്ന്-നാല് ഡിഗ്രി കൂടുതലായിരിക്കുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

ഉഷ്ണ തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, അവധിക്കാല ക്ലാസ്സുകള്‍ അടക്കം നടത്തരുതെന്നാണ് നിര്‍ദേശം. സ്ഥാപനങ്ങള്‍ക്ക് അത്യാവശ്യസാഹചര്യങ്ങളില്‍ ഓണ്‍ലൈനായി ക്ലാസ്സുകള്‍ നടത്താവുന്നതാണ്.സര്‍വകലാശാലകള്‍/ബോര്‍ഡുകള്‍, സംസ്ഥാന സര്‍ക്കാര്‍ ഇതിനകം അറിയിച്ചിട്ടുള്ളതും ഷെഡ്യൂള്‍ ചെയ്ത പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ, കൊടും ചൂടിന് ആശ്വാസമായി വേനല്‍ മഴ ഈ മാസം 27 മുതല്‍ ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. തുടര്‍ന്നുള്ള ദിവസങ്ങളിലും മെച്ചപ്പെട്ടതോതില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button