KeralaNews

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് ; 12 ജില്ലകളില്‍ ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 °C വരെയും കൊല്ലം ജില്ലയില്‍ 39 °C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോട്ടയം ജില്ലയില്‍ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 °C വരെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നാണ് പ്രവചനം. തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാന്‍ സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 3 മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. വൈകുന്നേരമാണ് മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button