Blog

കോടഞ്ചേരിയിൽ നാല് വയസ്സുകാരന് നേരെ തെരുവ് നായയുടെ ക്രൂര ആക്രമണം; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; നായയെ ചത്ത നിലയിൽ കണ്ടെത്തി

കോഴിക്കോട്: അമ്മയോടൊപ്പം വീടിന് പുറത്തിറങ്ങിയ നാല് വയസ്സുകാരനെ തെരുവ് നായ കടിച്ചു കീറി. കോഴിക്കോട് കോടഞ്ചേരിയിലെ നിരന്നപാറ ഉന്നതിയില്‍ താമസിക്കുന്ന അരുണ്‍രാജിന്‍റെയും മണിമേഖലയുടെയും മകന്‍ അയാനാണ് തെരുവ്‌നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്. നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ മണിമേഖല കുഞ്ഞുമായി കിണറ്റിന്‍ കരയിലേക്ക് കുളിക്കാനായി ഇറങ്ങിയതായിരുന്നു. ഉടന്‍ തന്നെ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ തെരുവ് നായ ആക്രമിക്കുകയായിരുന്നു.

ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികളാണ് നായയുടെ ആക്രമണത്തില്‍ നിന്നും കുട്ടിയെ മോചിപ്പിച്ചത്. എന്നാല്‍ ഇതിനകം തന്നെ കുട്ടിയുടെ തലയിലും മുഖത്തും നെഞ്ചിലും ആഴത്തിലുള്ള കടിയേറ്റിരുന്നു. ഉടന്‍ തന്നെ അയാനെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിലും ദേഹത്തും പല്ലുകള്‍ ആഴ്ന്നിറങ്ങിയ മുറിവുകളുണ്ട്. പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ ജഡം പൂക്കോട് വെറ്ററിനറി കോളേജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. അതേസമയം ജഢം ജീര്‍ണിച്ച അവസ്ഥയിലായിരുന്നതിനാല്‍ പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button