‘ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു’; മോദിയുമായി 40 മിനിറ്റ് സംസാരിച്ച് ട്രംപ്

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫോണിലൂടെ ദീർഘസംഭാഷണം നടത്തി. 40 മിനിറ്റോളം നീണ്ട ചർച്ചയിൽ മേഖലയിലെ സംഘർഷം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ഇരുവരും പങ്കുവെച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ സംഭാഷണമായിരുന്നു ഇത്. “ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നുവെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” എന്ന് ട്രംപ് മോദിയോട് പറഞ്ഞതായി എന്‍ഡിടിവി റിപ്പോട്ട് ചെയ്തു. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെക്കുറിച്ചും ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സമില്ലാതെ നടത്തുന്നതിനെക്കുറിച്ചും ഇരുവരും വിശദമായി സംസാരിച്ചു.
മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പൂർണ്ണ പിന്തുണ മോദി വാഗ്ദാനം ചെയ്തു. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ രണ്ട് ദിവസത്തിനുള്ളിൽ വിജയകരമായി പൂർത്തിയാകുമെന്ന് ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. നേരത്തെ പാക് മധ്യസ്ഥതയിൽ നടന്ന ചില ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ പുതിയ നീക്കം.
യുദ്ധവിഷയത്തിന് പുറമെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഊർജ്ജ മേഖലയിലെ സഹകരണത്തെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടുത്ത മാസം ഇന്ത്യയിലെത്തും. ഇന്ത്യയുടെ നയതന്ത്ര നിലപാടുകൾക്ക് ആഗോളതലത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന ട്രംപിന്റെ വാക്കുകൾ ഈ സാഹചര്യത്തിൽ ഏറെ ശ്രദ്ധേയമാണ്.




