News

കോൺഗ്രസ് ഇന്ന് പുറത്ത് വിടുക ആദ്യ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച പേരുകൾ മാത്രമെന്ന് സൂചന

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളത്തിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവം. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവന്നേക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇതിനോടകം അംഗീകരിച്ച പേരുകളാകും ആദ്യ പട്ടികയിൽ ഇടംപിടിക്കുക. ബാക്കി സീറ്റുകളിൽ അന്തിമ തീരുമാനമെടുക്കാൻ സ്ക്രീനിംഗ് കമ്മിറ്റി ഇന്നും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നാളെയും വീണ്ടും യോഗം ചേരുന്നുണ്ട്. തർക്കമുള്ള മണ്ഡലങ്ങളിൽ പരമാവധി ഒറ്റപ്പേരിലേക്ക് എത്താനാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.

ചടയമംഗലം സീറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കോൺഗ്രസിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സീറ്റിനായി ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഇടപെടൽ തേടിയിട്ടുണ്ട്. എന്നാൽ ചന്ദ്രശേഖരനെതിരെ പ്രാദേശികമായി ശക്തമായ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. അതേ സമയം, പുനലൂരിന് പകരം ചടയമംഗലമെന്ന ആവശ്യം മുസ്ലിം ലീഗും ഉയർത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ, ചടയമംഗലം സീറ്റ് മുസ്ലിം ലീഗിന് വിട്ടുനൽകിയാൽ ലീഗിന്റെ ആവശ്യം പരിഗണിക്കപ്പെട്ടതാകുമെന്നും ചന്ദ്രശേഖരനെ ചൊല്ലിയുള്ള ഉൾപ്പാർട്ടി പോരിന് അന്ത്യമാകുമെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. എന്നാൽ ആർ. ചന്ദ്രശേഖരൻ നേരിട്ട് മല്ലികാർജുൻ ഖർഗെയുടെ ഇടപെടൽ തേടിയ സാഹചര്യത്തിൽ തീരുമാനമെന്താകുമെന്നതിലും അഭ്യൂഹം നിലനിൽക്കുകയാണ്.

യുഡിഎഫിലെ മറ്റൊരു ഘടകകക്ഷിയായ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ വൈകുന്നേരം പ്രഖ്യാപിക്കും. ഇടുക്കി സീറ്റിലടക്കം വിട്ടുവീഴ്ചകൾക്ക് സാധ്യതയുണ്ടെന്നും നിലവിൽ ആവശ്യപ്പെട്ട പത്ത് സീറ്റുകളിൽ നിന്ന് എട്ടെണ്ണത്തിലേക്ക് ഒതുങ്ങാൻ ധാരണയായതായും സൂചനയുണ്ട്. ഇടുക്കി സീറ്റ് വിട്ടുനൽകുന്നതിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ പി.ജെ. ജോസഫ് ചൂണ്ടിക്കാട്ടുന്നുണ്ട്. താൻ നേരിട്ട് മത്സരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ, തീരുമാനങ്ങൾ പിന്നീട് അറിയിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button