പാചകവാതക പ്രതിസന്ധി: സപ്ലൈകോയിൽ ‘വാർ റൂം’ തുറന്നു; ആശുപത്രികൾക്കും സ്കൂളുകൾക്കും ഗ്യാസ് വിതരണത്തിൽ മുൻഗണന

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയെ നേരിടാൻ വാര് റൂം ആരംഭിച്ച് കേരളം. മദ്ധ്യപൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് ഗാർഹിക മേഖലയിലും വാണിജ്യ മേഖലയിലും എൽപിജി ചരക്കുനീക്കം തടസപ്പെട്ട സാഹചര്യത്തിൽ രാജ്യത്തിനകത്ത് എൽപിജി വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിൽ ഒരു വാർ റൂം സജ്ജമാക്കിയിട്ടുള്ളത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലണ്ടർ വിതരണത്തിലെ നിയന്ത്രണത്തിൽ ആവശ്യമായ ഇളവുകൾ നല്‍കണമെന്ന് ഓയിൽ കമ്പനികളോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഇക്കാര്യം അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര പെട്രോളിയം – പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയ്ക്ക് മന്ത്രി ജി ആര് അനില്‍ കത്ത് നല്കി. മുന്‍ഗണനാമേഖലകളായ വൃദ്ധസദനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ / സുഭിക്ഷാ ഹോട്ടലുകൾ എന്നിവിടങ്ങളിലും സ്കൂൾ, കോളേജ് ഹോസ്റ്റലുകളിലും ഹോസ്റ്റലുകളോട് ചേർന്നുള്ള ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകള്‍, സര്‍ക്കാര്‍ – പൊതുമേഖല ഓഫീസ് ക്യാമ്പസിലെ ക്യാന്റീനുകള്‍ എന്നിവയിലും മുന്‍ഗണന നല്കി വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ വിതരണം ചെയ്യാന്‍ തയ്യാറാകണമെന്നുള്ള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അനുകൂലമായി പരിഗണിക്കാമെന്ന് ഓയിൽ കമ്പനികൾ അറിയിച്ചു.
ഇതിലേക്കായി മുന്‍ഗണനാ മേഖലകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക പൊതുവിതരണ വകുപ്പ് അംഗീകരിച്ച് ഓയില്‍ കമ്പനികള്‍ക്ക് കൈമാറണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഓയില്‍ കമ്പനികൾ നോൺ-ഡൊമസ്റ്റിക് ഉപഭോക്താക്കളുടെ ഡാറ്റാബേസ് ഉടൻ തന്നെ വകുപ്പിന് കൈമാറുകയും സിവിൽ സപ്ലൈസ് വാർ റൂം, ഐടി മിഷൻ ടീമിന്റെ പിന്തുണയോടെ ഡാറ്റ വിശകലനം ചെയ്ത് എസൻഷ്യൽ കാറ്റഗറികളിൽപ്പെടുന്ന നോൺ-ഡൊമസ്റ്റിക് ഉപഭോക്താക്കളുടെ പട്ടിക തയ്യാറാക്കുകയും ചെയ്യും.




