BlogBusinessKeralaNews

‘ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥികളാകരുത്’; മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നിയമസഭ തെരഞ്ഞടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന കെ സുധാകരന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാന്‍ഡിനാണ്. അതുകൊണ്ടുതന്നെ ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥികളാകാന്‍ മുതിരരുതെന്നു സണ്ണി ജോസഫ് പറഞ്ഞു.

‘കേരളത്തില്‍ യു.ഡി.എഫിന്റെ സീറ്റ് വിഭജനവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയവും നിശ്ചയിക്കുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതൃത്വമാണ്. സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഘടകക്ഷികള്‍ക്ക് സീറ്റുകള്‍ നല്‍കുന്നത് സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ഒരു കോണ്‍ഗ്രസ് നേതാവിനും പാര്‍ട്ടി ഘടകത്തിനും ചേര്‍ന്നതല്ല. അത്തരം പ്രസ്താവനകള്‍ അച്ചടക്കലംഘനമായി കോണ്‍ഗ്രസ് കരുതും. നേതാക്കള്‍ക്കോ വിവിധ പാര്‍ട്ടി ഘടങ്ങള്‍ക്കോ അഭിപ്രായം രേഖപ്പെടുത്താനുണ്ടെങ്കില്‍ അതിന് നേതൃത്വത്തെ സമീപിക്കാം. പരസ്യപ്രസ്താവനകളും അതിനുവേണ്ടിയുള്ള യോഗങ്ങളും ഒരു കാരണവശാലും അനുവദിക്കില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാന്‍ഡിനാണ്. അതുകൊണ്ടുതന്നെ ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ത്ഥികളാകാന്‍ മുതിരരുത്’ – സണ്ണി ജോസഫ് പറഞ്ഞു.

നിയമസഭ തെരഞ്ഞടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന് ഇന്നലെയാണ് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രഖ്യാപിച്ചത്. ‘കണ്ണൂരില്‍ 110 ശതമാനം മത്സരിക്കും അതിനെന്താണ് കുഴപ്പം. കണ്ണൂരില്‍ കെ. സുധാകരന്‍ ഉണ്ടാകും. മത്സരിക്കും’ എന്നാണ് സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെ സുധാകരന്‍ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button