നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം: മരണം നാലായി; പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിനവും മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഉഴമലക്കൽ സ്വദേശി അഭിനവാണ് മരിച്ചത്. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. ഇന്നലെ രാത്രി 10.45 നായിരുന്നു അപകടം. നെടുമങ്ങാട് – ആര്യനാട് റോഡിൽ കുളപ്പട സർക്കാർ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. അമിതവേഗതയിൽ സഞ്ചരിച്ച ബൈക്കുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്.
അതേസമയം, മരിച്ചവരിൽ ഒരാളായ ശ്രീലാൽ ആര്യനാട് പൊലീസ് സ്റ്റേഷനിലെ കാപ്പാ കേസിൽ പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹങ്ങൾ നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രി 10.45 ഓടെയാണ് അപകടം നടന്നത്. കൂട്ടിയിടിച്ച രണ്ടു ബൈക്കുകളും പൂർണ്ണമായും തകർന്നു. നെടുമങ്ങാട് നിന്നും ഫയർഫോഴ്സ് എത്തിയാണ് റോഡിലെ രക്തക്കറ മാറ്റിയത്. അപകട സ്ഥലത്ത് നിന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. രണ്ടുപേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലേക്ക് പോകുംവഴിയുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.



