NationalNews

രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുത്; ഞങ്ങള്‍ നിങ്ങളുടെ പിന്നാലെ നടക്കണോ?; ദ്രൗപതി മുര്‍മുവിനെതിരെ മമത

ബിജെപിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത ബാനര്‍ജി. ബംഗാളില്‍ നടന്ന അന്താരാഷ്ട്ര സാന്താള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രപതിയെ പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിക്കാനെത്താത്തതിലും വേദി മാറ്റിയതിലും രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രതികരിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മമത ബാനര്‍ജി. ബിജെപിയുടെ ഉപേദശപ്രകാരം രാഷ്ട്രതി രാഷ്ട്രീയം കളിക്കരുതെന്ന് മമതാ ബാനര്‍ജി തിരിച്ചടിച്ചു. ‘മധ്യപ്രദേശിലോ ഛത്തീസ്ഗഢിലോ ഗോത്രവര്‍ഗക്കാര്‍ക്കെതിരേ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിക്കുന്നില്ല. ബിജെപിയുടെ ഉപദേശപ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയം കളിക്കരുത്. തെരഞ്ഞെടുപ്പുസമയത്ത് രാഷ്ട്രപതി തുടര്‍ച്ചയായി വരുന്നത് രാഷ്ട്രീയപ്രേരിതമാണ്. ഞങ്ങള്‍ എപ്പോഴും നിങ്ങളുടെ പിന്നാലെ നടക്കണമെന്നാണോ പറയുന്നത്?’, മമത തിരിച്ചടിച്ചു.

താന്‍ പങ്കെടുക്കാനെത്തിയ അന്താരാഷ്ട്ര സന്താള്‍സമ്മേളനത്തിന്റെ വേദി മാറ്റിയതാണ് രാഷ്ട്രപതിയെ പ്രകോപിപ്പിച്ചത്. പ്രോട്ടക്കോള്‍ പ്രകാരം സംസ്ഥാനത്തെത്തിയ രാഷ്ട്രപതിയെ സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍, സിലിഗുഡി മേയര്‍ ഗൗതംദേബ് മാത്രമാണ് വരവേല്‍ക്കാനെത്തിയത്. ഫാസിദേവയില്‍ നടത്താനിരുന്ന പരിപാടി സ്ഥലസൗകര്യം കുറവാണെന്ന പ്രാദേശികഭരണകൂടത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ബഗ്‌ഡോഗ്ര വിമാനത്താവളത്തിനടുത്തുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഫാസിദേവയിലെ സ്ഥലം സന്ദര്‍ശിച്ച രാഷ്ട്രപതി ഇവിടെ അഞ്ചുലക്ഷംപേരെ ഉള്‍ക്കൊള്ളാനുള്ള വ്യാപ്തിയുണ്ടെന്നും വേദിമാറ്റിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞു. ഗോത്രവിഭാഗങ്ങളുടെ ക്ഷേമം സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലേയെന്നും ചോദിച്ചു.

ഇവിടെ വരണമെന്ന് ആഗ്രഹിച്ചു. പക്ഷേ, സാധിച്ചില്ല. ഞാനും ബംഗാളിന്റെ മകളാണ്. പക്ഷേ ഇവിടത്തെ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ല. മമതയ്ക്ക് എന്താണ് എന്നോട് ഇത്ര ദേഷ്യമെന്ന് മനസ്സിലാവുന്നില്ല. എനിക്ക് അവര്‍ ഇളയ സഹോദരിയെപ്പോലെയാണ്. എന്തെങ്കിലുമാകട്ടെ. പരാതിയില്ല, അവര്‍ക്ക് നന്മമാത്രം നേരുന്നുവെന്നാണ് രാഷ്ട്രപതി പറഞ്ഞത്. പിന്നാലെ മമതയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രൂക്ഷമായി പ്രതികരിച്ചു. ഇത് ലജ്ജാകരവും മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതുമാണ്. ജനാധിപത്യത്തിലും ഗോത്രവിഭാഗത്തിന്റെ ശാക്തീകരണത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍പേരും നിരാശരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button