
കോൺഗ്രസ് നേതാവും വടക്കൻ പറവൂർ നഗരസഭാ മുൻ ചെയർപേഴ്‌സണുമായിരുന്ന വത്സല പ്രസന്നകുമാർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന ഓഫീസിൽ നടന്ന ചടങ്ങിൽ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വത്സല പ്രസന്നകുമാറിനെ ഷാളിട്ട് സ്വീകരിച്ചു. എഐസിസി അംഗവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു വത്സല.
ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, എൻഡിഎ വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും സ്ത്രീ ശാക്തീകരണ നിലപാടുകളുമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് വത്സല പ്രസന്നകുമാർ പറഞ്ഞു.
കഴിഞ്ഞ ആറ് വർഷമായി കോൺഗ്രസിന്റെ ഒരു പാർട്ടി പരിപാടിക്കും പോവാറില്ല. തന്നെ നേതാക്കൾ വീട്ടിൽ വന്നാണ് ബിജെപിയിലേക്ക് ക്ഷണിച്ചത്. ആ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്നും വത്സല പ്രസന്നകുമാർ പറഞ്ഞു. ബിജെപിയിൽ ചേർന്നതോടെ ഇത്രയും കാലം ലഭിക്കാത്ത ഊർജം ലഭിച്ചെന്നും വത്സല കൂട്ടിച്ചേർത്തു.
20 വർഷം പറവൂർ നഗരസഭയിലെ കൗൺസിലറായിരുന്നു. രണ്ടു തവണ നഗരസഭ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും എഐസിസി അംഗവുമായിരുന്ന വത്സല എം എ മലയാളം ബിരുദാനന്തര ബിരുദധാരിയായാണ്. കേസരി സ്മാരക കോളജ് അധ്യാപികയായിരുന്നു. ഇത്തവണ സീറ്റ് ലഭിച്ചാൽ പറവൂരിൽ വി ഡി സതീശനെതിരെ മത്സരിക്കുമെന്ന് വത്സല പ്രസന്നകുമാർ പറഞ്ഞു.



