
കേരള നിയമസഭാ സാമാജികർക്കായി നിയമസഭാ ഹോസ്റ്റൽ വളപ്പിൽ നിർമ്മാണം പൂർത്തിയാക്കിയ അത്യാധുനിക ഫ്ലാറ്റ് സമുച്ചയമായ ‘പമ്പ ബ്ലോക്ക്’ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30-ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പർ ലോഞ്ചിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. അമ്പത് വർഷത്തിലധികം പഴക്കമുണ്ടായിരുന്ന പഴയ പമ്പ ബ്ലോക്ക് നവീകരണം അസാധ്യമായതിനെ തുടർന്ന് പൊളിച്ചുനീക്കിയാണ് പുതിയ സമുച്ചയം നിർമ്മിച്ചത്.
പൊതുമരാമത്ത് വകുപ്പിന്റെ ഇ.പി.സി (Engineering, Procurement, and Construction) മാതൃകയിൽ സംസ്ഥാനത്ത് ആദ്യമായി നിർമ്മിച്ച കെട്ടിടമാണിതെന്ന പ്രത്യേകതയും പമ്പ ബ്ലോക്കിനുണ്ട്. 2023 ഡിസംബറിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ച കെട്ടിടം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്ത് പൂർത്തിയാക്കിയത്.



