Kerala

തന്ത്രി കണ്ഠരര് രാജീവരും ജയില്‍ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരും ജയില്‍ മോചിതനായി. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ട് എന്നതടക്കമുള്ള പ്രോസിക്യൂഷന്‍ വാദങ്ങള്‍ തള്ളിയാണ് കൊല്ലം വിജിലന്‍സ് കോടതി ദ്വാരപാലക- കട്ടിള പാളി കേസുകളില്‍ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നാല്‍പത്തിയൊന്നാം ദിവസമാണ് തന്ത്രി ജയിലിന് പുറത്തിറങ്ങിയത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, കോടതി അനുമതി ഇല്ലാതെ സംസ്ഥാനം വിട്ട് പോകരുത്, പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം, ചൊവ്വ, ശനി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകരണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പടെ കേസില്‍ അഞ്ച് പേര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് ഹൈക്കോടതി വിലയിരുത്തിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ജാമ്യം ലഭിക്കുന്നത് അന്വേഷണസംഘത്തെ കുഴക്കും.

കട്ടിള പാളി കേസില്‍ സ്വാഭാവിക ജാമ്യം തേടി എ പത്മകുമാറും കോടതിയെ സമീപിച്ചു. നാളെ വിജിലന്‍സ് കോടതി ഹര്‍ജി പരിഗണിക്കും. കെ പി ശങ്കരദാസിന്റെ ആരോഗ്യനില ചൂണ്ടിക്കാണിച്ചുള്ള ജാമ്യ ഹര്‍ജിയും ഈയാഴ്ച കോടതിക്ക് മുന്‍പാകെ എത്തും. അതേസമയം സ്വര്‍ണ്ണക്കൊള്ളയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കല്‍പ്പേഷിനെ ഇഡി വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button