
സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം മാറ്റിയതുമായി ബന്ധപ്പെട്ട് യാതൊരുവിധ രാഷ്ട്രീയ വിവാദവുമില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സർക്കാർ എടുത്ത തീരുമാനം പൂർണ്ണമായും നിയമപരമാണെന്നും നിലവിലുള്ള നിയമങ്ങൾ പാലിച്ചുകൊണ്ടാണ് മാറ്റങ്ങൾ വരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ബാർ സമയക്രമം നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അതത് വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. സാധാരണ നിലയിലുള്ള ഇത്തരം ഭരണപരമായ കാര്യങ്ങൾ അതാത് വകുപ്പുകൾ തന്നെ തീരുമാനിക്കും.
നിയമപരമല്ലാത്ത യാതൊരു കാര്യവും ഒരു വകുപ്പും ചെയ്യില്ലെന്നും മന്ത്രി കൂട്ടിചേർത്തു. ബാർ സമയം മാറ്റുന്നത് പോലുള്ള വിഷയങ്ങൾ മന്ത്രിസഭയ്ക്ക് മുന്നിൽ വരണമെന്ന് നിർബന്ധമില്ലെന്നും, വകുപ്പ് തലത്തിൽ എടുക്കാവുന്ന തീരുമാനമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.



