നിഷ ജോസ് കെ മാണിയെ കളത്തിലിറക്കാന്‍ കേരള കോണ്‍ഗ്രസ് എം

കോട്ടയം: പാല മണ്ഡലം തിരിച്ചുപിടിക്കാന്‍ നിഷ ജോസ് കെ മാണിയെ കളത്തിലിറക്കാന്‍ കേരള കോണ്‍ഗ്രസ് എം നീക്കം. കൂടുതല്‍ സ്ത്രീ വോട്ടുകള്‍ ലഭിച്ചാല്‍ മണ്ഡലം തിരിച്ച് പിടിക്കാമെന്നാണ് കേരള കോണ്‍ഗ്രസ് (എം) പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നിഷയുടെ സ്ഥാനാര്‍ത്ഥിത്വവും എന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പിനെ അഭീമുഖീകരിക്കുന്നതിന് മുന്‍പ് മണ്ഡലത്തിലെ പൊതുപരിപാടികളില്‍ സജീവ സാന്നിധ്യമാവുകയാണ് നിഷ ജോസ് കെ മാണി.
കേരള രാഷ്ട്രീയത്തിലെ വിശുദ്ധ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലമായ പാലയില്‍ ആര് മത്സരിക്കുമെന്നത് കേരളം ഉറ്റുനോക്കുന്ന കാര്യമാണ്. കെ എം മാണിയുടെ പാരമ്പര്യം പേറുന്ന മണ്ഡലത്തില്‍ ഇത്തവണ ചൂടേറിയ പോരാട്ടമായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനും ബിജെപി സ്ഥാനാര്‍ത്ഥിയായി ഷോണ്‍ ജോര്‍ജും സീറ്റ് ഉറപ്പിച്ചതോടെ പാലയില്‍ കടുത്ത പോരാട്ടമുണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വം മുന്നില്‍ കണ്ടാണ് റോഷി അഗസ്റ്റിന്‍ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചതെന്നാണ് വിവരം. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു. ജോസ് കെ മാണി സംസാരിക്കുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങിയായിരുന്നു പാലായില്‍ ആര് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റോഷി അഗസ്റ്റിന്‍ ജോസ് കെ മാണിയുടെ പേര് നിര്‍ദേശിച്ചത്. തൊട്ടടുത്ത ദിവസവും പാലായില്‍ ജോസ് കെ മാണി മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നായിരുന്നു ജോസ് കെ മാണിയുടെ നിലപാട്. ഇതേത്തുടര്‍ന്ന് ജോസും റോഷിയും രണ്ട് വഴിക്കാണ് എന്ന അഭ്യൂഹങ്ങളും ഉയര്‍ന്നു.




