News

സാഹിത്യ അക്കാദമി ഭരണ സമിതിയുടെ കാലാവധി നീട്ടി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ സാഹിത്യ അക്കാദമി ഭരണ സമിതിയുടെ കാലാവധി നീട്ടി സംസ്ഥാന സര്‍ക്കാര്‍. കവി കെ സച്ചിദാനന്ദന്‍ പ്രസിഡന്റായ ഭരണ സമിതിയുടെ കാലാവധിയാണ് മെയ് 31 വരെ നീട്ടിയത്. മാര്‍ച്ച് 31 വരെയായിരുന്നു നിലവില്‍ കാലാവധിയുണ്ടായിരുന്നത്. ഇതാണ് മെയ് 31ലേക്ക് നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകണമെന്ന അഭിപ്രായം കെ സച്ചിദാനന്ദന്‍ പ്രകടിപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. കേരളത്തിന് ഭരണതുടര്‍ച്ച നല്ലതല്ലെന്നും രണ്ട് മുന്നണികള്‍ മാറിമാറി ഭരിക്കുന്നതാണ് നല്ലതെന്നുമായിരുന്നു സച്ചിദാനന്ദന്റെ വിവാദ പരാമര്‍ശം. ഇതോടെ ഇടത് ഹാന്‍ഡിലുകളില്‍ നിന്ന് വ്യാപക സൈബര്‍ ആക്രമണമാണ് സച്ചിദാനന്ദന് നേരിടേണ്ടി വന്നത്. പിന്നാലെ സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ സച്ചിദാനന്ദനെ വീട്ടിലെത്തി കണ്ടിരുന്നു. സച്ചിദാനന്ദന്റേത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണമായി കണക്കാക്കുന്നില്ലെന്നും വിശാലമായ താത്വികതലത്തിലാണ് പ്രതികരണമെന്നും അബ്ദുള്‍ ഖാദര്‍ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നിരവധി സിപിഐഎം നേതാക്കള്‍ സച്ചിദാനന്ദന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് രംഗത്തുവന്നിരുന്നു. കവിയുടേത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതിനര്‍ത്ഥം ഈ സര്‍ക്കാര്‍ വേണ്ടതില്ലെന്നോ തുടരേണ്ട എന്നതോ അല്ല. തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ആവശ്യമായ തിരുത്തലുകള്‍ വരും. സച്ചിദാനന്ദന്റെ വിമര്‍ശനം ഉള്‍ക്കൊള്ളുന്നു എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button