KeralaNews

ശബരിമല സ്വർണക്കൊള്ളക്കേസ്: പ്രതി ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഗോവർധന്റെ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചത്. താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് സുപ്രീം കോടതിയിൽ ഫയൽചെയ്ത ജാമ്യഹർജിയിൽ ഗോവർധൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്.

അതേ സമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ മൂന്ന് പേരെക്കൂടി പ്രതി ചേര്‍ക്കും. ദ്വാരപാലകക്കേസില്‍ രണ്ട് പേരുടെയും കട്ടിളപ്പാളിക്കേസില്‍ ഒരാളുടെയും പങ്ക് സ്ഥിരീകരിച്ചെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. പാളികള്‍ മാറ്റിയോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനക്ക് സാംപിള്‍ ശേഖരിക്കാനും ഹൈക്കോടതി എസ് ഐ ടിക്ക് അനുമതി നല്‍കി. ഇതിനിടെ യുഡിഎഫ് ഭരണസമിതിയുടെ കാലത്തെ കൊടിമര പുനര്‍ നിര്‍മാണ ക്രമക്കേടില്‍ ഒരുമാസത്തിനകം പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. സ്വര്‍ണക്കൊള്ളയില്‍ നാല് പേരുടെ പങ്കാളിത്തം സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയെന്നാണ്എസ് ഐ ടി കോടതിയെ അറിയിച്ചത്. ദ്വാരപാലകക്കേസില്‍ രണ്ടു പേരുടെ പങ്കാളിത്തവും കട്ടിളപ്പാളിക്കേസില്‍ ഒരാളുടെ പങ്കാളിത്തവും സ്ഥിരീകരിച്ചെന്നും എസ് ഐ ടി വ്യക്തമാക്കി.

എന്നാല്‍ ആരാണ് പുതിയ പ്രതികളെന്നതില്‍ കോടതി ഉത്തരവില്‍ വിശദാംശങ്ങളില്ല. പ്രതികളുടെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇവരുടെ അറസ്റ്റുള്‍പ്പെടെ ഉണ്ടാകും. ഇതിനിടെ ദ്വലാരപാലക , കട്ടിളപാളികൾ പോറ്റിയും സംഘവും അപ്പാടെ മാറ്റിയോ എന്നതിൽ ഇപ്പോഴും ഉത്തരമായില്ല. വി.എസ്.എസ്.സിയിലായിരുന്നു പരിശോധനയെങ്കിലും യഥാർത്ഥ പാളികൾ തന്നെയാണോ എന്നതിൽ ആശയക്കുഴപ്പമുണ്ട്. അതിനാല്‍ പാളികളുടെ സാംപിള്‍ വീണ്ടും ശേഖരിക്കണമെന്നും രാജ്യത്തെ മറ്റ് ഏജന്‍സികളില്‍ പരിശോധിക്കണമെന്നും എസ് ഐ ടിയുടെ ആവശ്യം. ബാബ അറ്റോമിക് റിസര്‍ച്ച്സെന്‍റര്‍ അടക്കം മൂന്ന് ലാബുകളുടെ വിശദാംശങ്ങളാണ് എസ് ഐ ടി ഹൈകേകോടതിയെ അറിയിച്ചത്. എവിടെ പരിശോധന നടത്തണമെന്നത് ഈ മാസം പത്തൊന്‍പതിനുള്ളില്‍ അറിയിക്കാന്‍ ഹൈക്കോടതി എസ് ഐ ടിയോട് നിര്‍ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button