News

മറ്റത്തൂരിലെ കോണ്‍ഗ്രസ് – ബിജെപി പിന്തുണ, കോണ്‍ഗ്രസ് നേതൃത്വമെങ്കില്‍ ജനങ്ങളോട് മാപ്പ് പറയണം; എം സ്വരാജ്

കോണ്‍ഗ്രസ് അംഗങ്ങളുടെ കൂട്ട കൂറുമാറ്റമുണ്ടായ തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിനുള്ള ബിജെപി പിന്തുണ വീണ്ടും ചര്‍ച്ചയാക്കി സിപിഐഎം. ബിജെപി പിന്തുണയോടെ ജയിച്ച വൈസ് പ്രസിഡന്റിനെ രാജി വെപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയില്ലെന്ന് എം സ്വരാജ് ആരോപിച്ചു. സഖ്യം പുറത്ത് വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വം തള്ളിപ്പറയുന്നത്. ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും എം സ്വരാജ് ആവശ്യപ്പെട്ടു.

ഒരൊറ്റ ദിവസം കൊണ്ടാണ് കോണ്‍ഗ്രസ് പൂര്‍ണമായും ബിജെപിയായി മാറിയത്. വിമര്‍ശനമുന്നയിക്കുമ്പോള്‍, അങ്ങനെയല്ല രാജിവെയ്ക്കാന്‍ പറഞ്ഞു എന്നൊക്കെ പറഞ്ഞെങ്കിലും അതൊരു നാടകമായിരുന്നുവെന്നും നേതൃത്വം അറിഞ്ഞുകൊണ്ടുതന്നെ നടത്തിയിട്ടുള്ള നേതൃതലത്തില്‍ ആലോചിച്ച് ഉറപ്പിച്ച് നടത്തിയിട്ടുള്ള കോണ്‍ഗ്രസ് ബിജെപി സഖ്യമാണ് മറ്റത്തൂരിലേത് എന്നുള്ളത് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. വാക്കിന് വല്ല വിലയും കല്‍പ്പിക്കുന്നവരാണ് കോണ്‍ഗ്രസിന്റെ നേതൃത്വമെങ്കില്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. ഇരുകൂട്ടര്‍ക്കുമെതിരെ മതനിരപേക്ഷവാദികള്‍ ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് – എം സ്വരാജ് പറഞ്ഞു.

ബിജെപി പിന്തുണയില്‍ കോണ്‍ഗ്രസ് അംഗം മിനി ടീച്ചര്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച മിനിക്ക് കോണ്‍ഗ്രസിലെ ഏഴ് അംഗങ്ങളും ബിജെപിയിലെ നാല് അംഗങ്ങളും വോട്ട് ചെയ്തു. രണ്ട് യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു.

നേരത്തെ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ഇതേരീതിയില്‍ വോട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും ഇത്തരത്തില്‍ കോണ്‍ഗ്രസ് നേടുകയും ചെയ്തു. വിവാദമയാതോടെ വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ രാജിവച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിമതയായ പ്രസിഡന്റ് ടെസി ജോസ് രാജിവച്ചിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button