KeralaNews

ആഗോള കപ്പല്‍ ചാലില്‍ വിഴിഞ്ഞം കേരളത്തിന്റെ പേര് സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തി ; മുഖ്യമന്ത്രി പിണറായി വിജയന്‍‌‌

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായമാണ് വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ രണ്ടാം ഘട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനകം ലോക സമുദ്ര വ്യാപാര മേഖലയില്‍ വിസ്മയമായി മാറിയ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനപ്രവര്‍ത്തങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം, ‘ഒന്നും നടക്കാത്ത നാട്’ എന്നായിരുന്നു വികസനത്തിന്റെ കാര്യത്തില്‍ കേരളം കേട്ട പ്രധാന ആക്ഷേപം. കേരളത്തിന് പറ്റിയ കാര്യമല്ല’ എന്ന് പറഞ്ഞ് നമ്മെ ആക്ഷേപിച്ചവരും പരിഹസിച്ചവരുമുണ്ട്. ആ പരിഹാസങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടിയായാണ് വിഴിഞ്ഞം പദ്ധതി. 2024 ജൂലായില്‍ ഇവിടെ ആദ്യ മദര്‍ഷിപ്പ് വന്നു. 2025 മെയ് 2 ന് ഈ തുറമുഖം നാടിനു സമര്‍പ്പിക്കുകയും ചെയ്തു. ഇന്ന് നാം വിഴിഞ്ഞം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു.

ചരക്കു നീക്കത്തിനായി നാം മറ്റുള്ളവരെ ആശ്രയിച്ചിരുന്ന കാലം അവസാനിച്ചിരിക്കുന്നു. ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയില്‍ കേരളം ഇന്ന് ഒരു പ്രധാന ശക്തിയായി മാറുകയാണ്. ഇത് വെറും പറച്ചിലല്ല. നാം കണ്മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യമാണ്. ചുരുക്കത്തില്‍ വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായതോടെ ആഗോള കപ്പല്‍ ചാലില്‍ കേരളത്തിന്റെ പേര് സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. പ്രതിവര്‍ഷം 10 ലക്ഷം ടി യു ഇ ആയിരുന്നു ആദ്യഘട്ടത്തില്‍ വിഴിഞ്ഞത്തിന്റെ ശേഷി. എന്നാല്‍ വെറും 10 മാസം കൊണ്ട് നമ്മള്‍ ഈ ലക്ഷ്യം മറികടന്നു. ലോകത്തൊരു പോര്‍ട്ടിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. ആദ്യ വര്‍ഷം തന്നെ 615 കപ്പലുകളും 1.32 ദശലക്ഷം കണ്ടെയ്നറുകളും വിഴിഞ്ഞം കൈകാര്യം ചെയ്തു. 2025 ഡിസംബറില്‍ മാത്രം 1.21 ലക്ഷം ടി ഇ യു കൈകാര്യം ചെയ്തു. ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും ഡ്രാഫ്റ്റ് കൂടിയതുമായ കപ്പലുകള്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. അതുവഴി ഈ തുറമുഖത്തിന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു.

പ്രതിമാസം 50 ലേറെ കപ്പലുകള്‍ ഈ തുറമുഖത്ത് വന്നുപോകുന്നു. ചുരുങ്ങിയ സമയംകൊണ്ട് 1,000 കപ്പലുകള്‍ എന്ന നേട്ടം നമ്മുടെ കയ്യെത്തും ദൂരത്തുണ്ട്. നമ്മുടെ നാടിനാകെ അഭിമാനകരമായ കാര്യമാണിത്. ഇന്ത്യയില്‍ ആദ്യമായി വനിതകളെ ഓട്ടോമേറ്റഡ് ക്രെയിന്‍ ഓപ്പറേറ്റര്‍മാരായി നിയമിച്ചതിന്റെ ഖ്യാതിയും വിഴിഞ്ഞത്തിനാണ്. സ്ത്രീസൗഹൃദ കേരളത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിത്. വിഴിഞ്ഞം തുറമുഖത്തെ ഇമിഗ്രേഷന്‍ ചെക്ക്പോസ്റ്റായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിലൂടെ അന്താരാഷ്ട്ര കപ്പല്‍ പാതയിലെ പ്രധാന കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബാകുന്നതോടൊപ്പം ഒരു പ്രധാന ക്രൂ ചേഞ്ച് ഹബ്ബായും വിഴിഞ്ഞം ശക്തിപ്പെടും. ആഡംബര ക്രൂയിസ് കപ്പലുകള്‍ക്കും ഇനിമുതല്‍ വിഴിഞ്ഞത്ത് എത്തിച്ചേരുവാന്‍ സാധിക്കും. ഇത് സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വളർച്ചയ്ക്കും ഗുണം ചെയ്യും.

രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി നിലവിലെ 800 മീറ്റര്‍ കണ്ടെയ്നര്‍ ബെര്‍ത്ത് 2,000 മീറ്റര്‍ ആയി വികസിപ്പിക്കും. ഇതോടെ രാജ്യത്തെ ഏറ്റവും നീളം കൂടിയ കണ്ടെയ്നര്‍ ബെര്‍ത്ത് എന്ന നേട്ടവും വിഴിഞ്ഞം തുറമുഖം സ്വന്തമാക്കും. നിലവിലുള്ള 2.96 കിലോമീറ്റര്‍ പുലിമുട്ട് 3.88 കിലോമീറ്റര്‍ ആയും വര്‍ദ്ധിപ്പിക്കും. നിലവില്‍ തുറമുഖത്തിനായി നിര്‍മ്മിച്ചിട്ടുള്ള പുലിമുട്ട് രാജ്യത്തെ ഏറ്റവും ആഴം കൂടിയ പുലിമുട്ടാണ്. രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമിയൊന്നും ഏറ്റെടുക്കേണ്ടി വരുന്നില്ല. പകരം കടല്‍ നികത്തിയാണ് ആവശ്യമായ ഭൂമി കണ്ടെത്തുന്നത്. നിലവിലുള്ളവയ്ക്കു പുറമെ 12 പുതിയ ഷിപ്പ് ടു ഷോര്‍ ക്രെയിനുകള്‍, 27 പുതിയ യാര്‍ഡ് ക്രെയിനുകള്‍ എന്നിവ സ്ഥാപിക്കും.

തുറമുഖത്തിന്റെ ഒന്നാം ഘട്ടം 24,000 ടി ഇ യു കണ്ടെയ്നര്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ളതാണ്. എന്നാല്‍ തുടര്‍ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ, 28,840 ടി ഇ യുവരെ ശേഷിയുള്ള നെക്സ്റ്റ് ജെന്‍ കണ്ടെയ്നര്‍ കപ്പലുകളെയും കൈകാര്യം ചെയ്യാന്‍ ഈ തുറമുഖം സജ്ജമാകും. ഒരേസമയം 5 മദര്‍ഷിപ്പുകള്‍ വരെ കൈകാര്യം ചെയ്യാന്‍ പാകത്തില്‍ തുറമുഖം വികസിക്കും.ഇന്ത്യന്‍ തുറമുഖങ്ങളെ സേവിക്കുന്ന ഒരു ദേശീയ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലായി പ്രവര്‍ത്തനമാരംഭിച്ച വിഴിഞ്ഞം തുറമുഖം, പൂര്‍ണ്ണ വികസനം കൈവരിക്കുന്നതോടെ രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബായി ഉയരും. ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലുള്ള തുറമുഖങ്ങളിലടക്കം, സേവനം എത്തിക്കുന്ന ഒരു അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബായി വിഴിഞ്ഞം മാറും. ആഗോള കടല്‍വാണിജ്യ ഭൂപടത്തില്‍ അതിപ്രധാന കേന്ദ്രമായി നമ്മുടെ വിഴിഞ്ഞം തുറമുഖം മാറിത്തീരും.

രണ്ടാംഘട്ട വികസനം സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കും. ഈ തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങള്‍ നിശ്ചയിച്ചതിലും 17 വര്‍ഷം മുന്നേ, അതായത് 2028 ല്‍ തന്നെ ഈ മൂന്ന് ഘട്ടങ്ങളും സംയോജിപ്പിച്ച് വിഴിഞ്ഞത്തിന്റെ തുടര്‍വികസനം പൂര്‍ത്തിയാക്കും. 2035 മുതല്‍ സംസ്ഥാന സര്‍ക്കാരിന് വരുമാന വിഹിതം ലഭിച്ചു തുടങ്ങും. വിഴിഞ്ഞത്ത് ഇതുവരെ ട്രാന്‍ഷിപ്മെന്റ് മാത്രമാണ് നടത്തിവന്നിരുന്നത്. ഇപ്പോള്‍ റോഡു വഴിയുള്ള ചരക്കുനീക്കത്തിന് നമ്മള്‍ തയാറായിക്കഴിഞ്ഞു. ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ റോഡുവഴിയുള്ള ചരക്കു നീക്കവും ആരംഭിക്കും. ഈ തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിനായി 5,500 കോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മുടക്കിയത്. രാജ്യത്ത് മറ്റൊരു സര്‍ക്കാരും തുറമുഖ നിര്‍മ്മാണത്തിനായി ഇത്രയും വലിയൊരു നിക്ഷേപം നടത്തിയിട്ടില്ല. രാജ്യത്തിനാകെ പ്രയോജനം ലഭിക്കുന്ന പദ്ധതിയായാണ് നാം ഇതിനെ കാണേണ്ടത്. വിഴിഞ്ഞത്തിന്റെ തീരത്ത് നിന്ന് ലോകത്തിനു നാം നല്‍കുന്ന വലിയ സന്ദേശം ഇതാണ് ‘കേരളം മാറുകയാണ്, കേരളം മുന്നേറുകയാണ്’. ഇനിയും ഒരുപാട് കാര്യങ്ങള്‍ ഇവിടെ ചെയ്യാനുണ്ട്. ജനങ്ങളുടെയാകെ പിന്തുണയോടെ അവയും പൂര്‍ത്തീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button