
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബഹുമാനപ്പെട്ട വെള്ളാപ്പള്ളിയുമായി ഒരു തർക്കത്തിന് താനില്ല. അത് അദ്ദേഹത്തിന് വിടുന്നു. ജനങ്ങൾക്ക് എല്ലാം അറിയാം. ജനത്തിന് വെള്ളാപ്പള്ളിയേയും അറിയാം. കമ്യൂണിസ്റ്റ് പാർട്ടിയേയും അറിയാം. ജനങ്ങൾ തന്നെ തീരുമാനിക്കട്ടെയെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ബിനോയ് വിശ്വം അല്ല പിണറായി വിജയൻ എന്ന് മുഖ്യമന്ത്രി പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അദ്ദേഹമല്ലല്ലോ ഞാൻ. എൻറെ കാഴ്ചപ്പാടും നിലപാടും ഞാൻ പറയും. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നിലപാടും അദ്ദേഹവും പറയും. അതിൽ എന്ത് ആക്ഷേപമാണുള്ളതെന്ന് ബിനോയ് വിശ്വം ചോദിച്ചു. എൽഡിഎഫിനോ അതിലെ പാർട്ടിക്കോ മാർക്കിടാനോ, തെറ്റും ശരിയും പറയാനോ ഞങ്ങളാരും വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ല.
വെള്ളാപ്പള്ളിയല്ല എൽഡിഎഫ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ വെള്ളാപ്പള്ളിയുടെ ഒരു ഉപദേശവും കാത്തിരിക്കുന്നില്ല. മാധ്യമപ്രവർത്തകനെ വർഗീയവാദിയെന്ന് വിളിച്ച സംഭവത്തിൽ ബിനോയ് വിശ്വത്തിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. ഇത്തരം പ്രതികരണങ്ങൾ കൊണ്ട് ഒരാൾ വലുതാകുമോ, ചെറുതാകുമോ എന്ന് എല്ലാവർക്കും ഊഹിക്കാൻ പറ്റും. അത് ഉൾക്കൊള്ളാനുള്ള കെൽപ്പ് അദ്ദേഹത്തിനും ബന്ധപ്പെട്ടവർക്കും ഉണ്ടാകട്ടെയെന്നാണ് ആഗ്രഹം. ബിനോയ് വിശ്വം പറഞ്ഞു.
ശ്രീനാരായണ പ്രസ്ഥാനമെന്നത് മഹത്തായ പ്രസ്ഥാനമാണ്. ഗുരുവിന്റെ എല്ലാ പൈതൃകത്തേയും കമ്യൂണിസ്റ്റ് പാർട്ടി ബഹുമാനിക്കുന്നുണ്ട്. കുമാരനാശാൻ മുതൽ ഒരുപാട് മഹാൻമാർ ഇരുന്ന കസേരയാണ് എസ് എൻ ഡി പി ജനറൽ സെക്രട്ടറിയുടേത്. ആരായാലും ആ കസേരയിൽ ഇരിക്കുന്നവർക്ക് ഇക്കാര്യം ഓർമ്മ വേണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ ഒരു വ്യവസായിയാണ്. തെരഞ്ഞെടുപ്പിന്റെയും മറ്റും ഭാഗമായി അദ്ദേഹത്തിൽ നിന്ന് സിപിഐക്കാർ ഫണ്ട് പിരിച്ചു കാണും. അതല്ലാതെ തെറ്റായ വഴിക്ക് കൈക്കൂലിയായിട്ടോ അവിഹിതമായിട്ടോ ഒരു ചില്ലിക്കാശ് പോലും സിപിഐ വാങ്ങിയിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.




