KeralaNews

‘ഉച്ചനീച്ചത്വങ്ങൾക്കും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ മന്നത്ത് പത്മനാഭൻ സംഘടിത പ്രതിരോധം ഉയർത്തി’; മുഖ്യമന്ത്രി

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 149-ാമത് മന്നം ജയന്തി ആചരിക്കുന്ന ഇന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. അന്ന് നിലവിലുണ്ടായിരുന്ന ഉച്ചനീച്ചത്വങ്ങൾക്കും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ സംഘടിത പ്രതിരോധം ഉയർത്തുന്നതിൽ മന്നം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വൈക്കം സത്യഗ്രഹം വിജയമാക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ ചരിത്രപരമാണ്. സത്യഗ്രഹത്തിന് ബഹുജനപിന്തുണ ഉറപ്പുവരുത്താനായി 1924 നവംബർ ഒന്നിന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സവർണ്ണ ജാഥയാരംഭിച്ചു. ഇതിന്റെ തുടർച്ചയായി 1924 നവംബർ 13 ന് 25,000 പേർ ഒപ്പിട്ട ഒരു മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ചുറ്റുവഴികൾ എല്ലാവർക്കുമായി തുറന്നുകൊടുക്കണമെന്നായിരുന്നു മെമ്മോറാണ്ടത്തിലൂടെ ആവശ്യപ്പെട്ടത്.

വൈക്കം സത്യഗ്രഹം സമ്പൂർണ്ണ വിജയമാകുന്നതിന് മന്നത്ത് പത്മനാഭൻ നേതൃത്വം കൊടുത്ത സമരമുന്നേറ്റങ്ങളും വലിയ പങ്കുവഹിച്ചു. അപര വിദ്വേഷം പ്രചരിപ്പിച്ചു നാടിന്റെ പുരോഗതിയെ പിന്നോട്ടടിപ്പിക്കാൻ വർഗ്ഗീയ ശക്തികൾ വലിയ നീക്കങ്ങൾ നടത്തുന്ന ഇക്കാലത്ത് മന്നത്ത് പത്മനാഭന്റെ ഓർമ്മകൾക്ക് വർധിത പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ഓർമ്മകളെ ഊർജ്ജമാക്കി കേരളത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button