
എംഎല്‍എ ഓഫീസ് വിവാദത്തില്‍ പ്രതികരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷ്. വ്യക്തിപരമായ കാര്യങ്ങള്‍ പരിഗണിക്കാതെ നിയമപരമായ സാധ്യതകള്‍ പരിശോധിക്കുമെന്ന് വി വി രാജേഷ് പറഞ്ഞു. എംഎല്‍എ ഓഫീസിന്റെ വാടക കരാര്‍ പരിശോധിക്കുകയാണ്. എത്ര രൂപ വാടകയ്ക്കാണ് മുറി കൊടുത്തിരുന്നത് എന്നും അതുമായി ബന്ധപ്പെട്ട രേഖകളും പരിശോധിക്കും. കെട്ടിടം ഒഴിപ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ പറഞ്ഞിട്ടില്ലെന്നും വി വി രാജേഷ് വ്യക്തമാക്കി.
കോര്‍പ്പറേഷനില്‍ പല കൗണ്‍സിലര്‍മാര്‍ക്കും ഇരിക്കാന്‍ പോലും സൗകര്യമില്ല. പ്രവര്‍ത്തന സൗകര്യം ഉയരണം. ആരാണ് സൗകര്യമൊരുക്കേണ്ടത് എന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്വന്തം വീട്ടില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍മാര്‍ പോലുമുണ്ട്. വാണിജ്യ കോംപ്ലക്സുകൾക്ക് കൃത്യമായ വാടക ലഭിക്കണം. ജനപ്രതിനിധികൾ പ്രവർത്തിക്കുന്ന സ്ഥലത്ത് നിയമപരമായ എന്തൊക്കെ ഇളവുകൾ ചെയ്യാനാകും എന്നുള്ളത് പരിഗണിക്കും. വി വി രാജേഷ് പ്രതികരിച്ചു. എന്നാൽ അതിൽ വികെ പ്രശാന്ത് ഉൾപ്പെടുമോ എന്ന ചോദ്യത്തിന് വി വി രാജേഷ് മറുപടി നൽകിയില്ല.
അതേസമയം, ഓഫീസ് വിഷയം വലിയ വിവാദമായതോടെ തര്‍ക്കത്തില്‍ നിന്നും ആര്‍ ശ്രീലേഖ പിന്നോട്ട് പോവുകയായിരുന്നു. വി കെ പ്രശാന്ത് മൂന്നോ നാലോ മാസം നിലവിലെ കെട്ടിടത്തില്‍ തുടരുന്നതില്‍ തനിക്ക് പ്രശ്നമില്ലെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. എംഎല്‍എ ഓഫീസിലെത്തി പ്രശാന്തിനെ നേരിട്ട് കണ്ടതിന് പിന്നാലെയായിരുന്നു പ്രതികരണം.
ശനിയാഴ്ചയാണ് എംഎല്‍എ വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടത്. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസ് കെട്ടിടം തനിക്ക് വേണമെന്നായിരുന്നു ബിജെപി കൗണ്‍സിലറായ ശ്രീലേഖയുടെ ആവശ്യം. എംഎല്‍എ ഓഫീസ് ഇരിക്കുന്ന കെട്ടിടമാണ് തനിക്ക് സൗകര്യമെന്നായിരുന്നു ശ്രീലേഖയുടെ വാദം. എന്നാല്‍ വാടക കരാര്‍ അവസാനിക്കാതെ മാറില്ലെന്ന് വി കെ പ്രശാന്ത് അറിയിക്കുകയായിരുന്നു. തന്റെ കാലാവധി മൂന്ന് മാസം കൂടി ബാക്കിയുണ്ടെന്ന് എംഎല്‍എ മറുപടിയും നല്‍കിയിരുന്നു.




