
നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ കുറ്റവിമുക്തനായ കേസിലെ എട്ടാം പ്രതി ദിലീപിന് പിന്തുണയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വോട്ട് ചെയ്ത ശേഷം അടൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ് പറഞ്ഞു. ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നുമായിരുന്നു യുഡിഎഫ് കൺവീനറുടെ പ്രതികരണം. ആക്രമിക്കപ്പെട്ട നടിയോടൊപ്പം നിൽക്കാതെ പ്രതിയായ നടന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ ആദ്യം മുതൽ നിലകൊള്ളുന്നതിന്റെ തെളിവാണ് അടൂർ പ്രകാശിന്റെ പ്രതികരണം.
അതേസമയം അതിജീവിതയ്ക്കൊപ്പം നിലകൊണ്ട സർക്കാരിനെതിരെ രൂക്ഷ വിമർശനം അടൂർ പ്രകാശ് ഉന്നയിച്ചു. സർക്കാർ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു. ആരെ ദ്രോഹിക്കാൻ കഴിയും എന്നുള്ളതാണ് സർക്കാർ നോക്കുന്നത്. അപ്പീലിന് പോകുമെന്ന സർക്കാർ തീരുമാനത്തെ പരിഹസിച്ചുകൊണ്ട്, “സർക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ” എന്നും കൺവീനർ കുറ്റപ്പെടുത്തി.



