KeralaNews

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് പത്മരാജനെതിരായ ശിക്ഷാ വിധി ഇന്ന്

കണ്ണൂര്‍ പാനൂര്‍ പാലത്തായി പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിജെപി നേതാവ് കെ. പത്മരാജന് ഇന്ന് ശിക്ഷ വിധിക്കും. തലശേരി അതിവേഗ പോക്‌സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കെതിരേയുള്ള ബലാല്‍സംഗക്കുറ്റവും തെളിഞ്ഞിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരടക്കം നടത്തിയ ഗൂഢനീക്കങ്ങളെ മറികടന്നാണ് കെ. പത്മരാജന്‍ കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി കണ്ടെത്തിയത്.

നാലാം ക്ലാസുകാരിയുടെ മൊഴികളിലെ വൈരുധ്യത്തിലൂന്നി ബിജെപി നേതാവിനെതിരെയുള്ള കേസ് ദുര്‍ബലമാക്കാനായിരുന്നു ഐജി ശ്രീജിത്ത് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. പ്രത്യേക അന്വേഷണ സംഘം പോക്‌സോ വകുപ്പ് ചുമത്തിയതാണ് കേസില്‍ നിര്‍ണായകമായത്. കേസില്‍ തലശേരി ജില്ലാ പോക്‌സോ കോടതിയാണ് ശിക്ഷ വിധിക്കുക. ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് പാലത്തായി പീഡനക്കേസ്. പത്തുവയസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17 നാണ് കേസെടുത്തത്. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തു.

പെണ്‍കുട്ടിയുടെ ഉമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റ്ക്ടീവ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ നായര്‍ കേസില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ ഉമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ ഘട്ടത്തിലാണ് നാര്‍കോട്ടിക്‌സെല്‍ എഎസ്പി രേഷ്മ രമേഷ് ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചത്. അന്വേഷണം തെറ്റായ ദിശയിലാണെന്ന് പ്രോസിക്യൂഷനടക്കം ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ എഡിജിപി ഇ ജെ ജയരാജന്‍, ഡിവൈഎസ്പി രത്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തു. 2021 മെയ് മാസം പോക്‌സോ വകുപ്പുകള്‍ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button