പാലത്തായി പീഡനക്കേസില്‍ കെ. പത്മരാജന്‍ കുറ്റക്കാരന്‍; നാളെ ശിക്ഷ വിധി

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പ്രതിയായ ബിജെപി നേതാവ് കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങള്‍ തെളിഞ്ഞു. കേസില്‍ തലശേരി പോക്സോ പ്രത്യേക കോടതി നാളെ ശിക്ഷ വിധിക്കും.
കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പി എം ഭാസുരി പറഞ്ഞു. കുട്ടി പീഡനം നേരിട്ടത് ഏറ്റവും വിശ്വസിച്ച ആളില്‍ നിന്നാണെന്നും ഇവര്‍ പറഞ്ഞു. അതേസമയം ശിക്ഷാ വിധി വന്നതിനുശേഷം മേല്‍ക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പി പ്രേമരാജന്‍ പറഞ്ഞു. കേസ് അവസാനം അന്വേഷിച്ചവര്‍ അട്ടിമറി നടത്തിയെന്നും വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ടി കെ രത്നകുമാര്‍ ഇപ്പോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയാണെന്നും പ്രേമരാജന്‍ ആരോപിച്ചു.
തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകന്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാര്‍ച്ച് 17നാണ് യുപി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.
