റാപ്പർ വേടന് ജാമ്യവ്യവസ്ഥകളിൽ ഇളവ് അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ഗവേഷക വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ റാപ്പർ വേടന് ജാമ്യ വ്യവസ്ഥയിൽ ഇളവ്. സംസ്ഥാനം വിട്ടുപോകരുത്, എല്ലാ ഞായറാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം എന്നീ ജാമ്യവ്യവസ്ഥകളിലാണ് കോടതി ഇളവ് നൽകിയത്. രാജ്യം വിട്ടുപോകുമ്പോൾ പൊലീസിനെ അറിയിക്കണം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം എന്നീ നിർദേശങ്ങളോടൊപ്പമാണ് ഇളവ് അനുവദിച്ചത്.
ഈ മാസം മുതൽ ഡിസംബർ വരെ ശ്രീലങ്ക, ദുബായ്, ഖത്തർ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എറണാകുളം സെഷൻസ് കോടതിയുടെ ജാമ്യവ്യവസ്ഥയിൽ വേടന് കേരളത്തിന് പുറത്തുപോകാൻ കഴിയില്ല. അതുകൊണ്ട് ജാമ്യവ്യവസ്ഥ റദ്ദാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.ദളിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ ഫോണിൽ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലെെംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്.
എതിർത്തപ്പോൾ ക്രൂരമായി ഉപദ്രവിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. എന്നാൽ തനിക്കെതിരായ ലൈംഗികാരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് വേടൻ പറയുന്നത്. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കാട്ടി സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളിലായിരുന്നു പ്രതികരണം. കേസും തിരക്കുമെല്ലാം കഴിഞ്ഞ് വിശദമായി സംസാരിക്കാമെന്നും വേടൻ അറിയിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി തനിക്ക് ഉണ്ടായിരുന്നതെന്നാണ് കേസിൽ വേടൻ പൊലീസിന് മൊഴി നൽകിയത്.



