
സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഡിജിപി യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്സില്‍ നിന്ന് മാറ്റി പകരം നിധിന് അഗര്‍വാളിനെ പുതിയ ഫയര്‍ഫോഴ്സ് മേധാവിയായി നിയമിച്ചു. യോഗേഷ് ഗുപ്തയാണ് പുതിയ റോഡ് സേഫ്റ്റി കമ്മീഷണര്‍.
വനിത എസ്ഐമാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ഉള്‍പ്പെട്ട എസ്പി വി ജി വിനോദ് കുമാറിനും മാറ്റമുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ എഐജി സ്ഥാനത്ത് നിന്നും ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്കാണ് മാറ്റം. ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ എസ്പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനും മാറ്റമുണ്ട്. നകുല്‍ ദേശ്മുഖിനെ തൃശ്ശൂര്‍ കമ്മീഷണറായി നിയമിച്ചു. ആര് ഇളങ്കോ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം.
ക്രമസമാധാന എഡിജിപിയുടെ ഓഫീസിലെ എഐജി കസേരയില്‍ നിന്നാണ് എസ്പി വി ജി വിനോദ് കുമാറിനെ മാറ്റിയത്. പത്തനംതിട്ട ജില്ലയിലെ രണ്ട് വനിതാ എസ്ഐമാരാണ് എസ്പിക്കെതിരെ പരാതി നല്‍കിയത്. എസ്പി വി ജി വിനോദ് കുമാര്‍ അര്‍ദ്ധരാത്രിയില്‍ സന്ദേശയങ്ങളയച്ചുവെന്നായിരുന്നു പരാതി. വനിതാ എസ്ഐമാരുടെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷം നടപടി വേണമെന്ന് ഡിഐജി ശുപാര്‍ശ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ആസ്ഥാനത്തെ എസ്പി മെറിന് ജോസഫിനോട് വിശദമായ അന്വേഷണം നടത്താന്‍ ഡിജിപി ആവശ്യപ്പെട്ടത്.



