ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ പിണറായി മാത്രമാണ് യോഗ്യന്‍: വെള്ളാപ്പള്ളി

ആഗോള അയ്യപ്പ സംഗമം വിജയമാണെന്നും ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് ചര്‍ച്ചകള്‍ നടക്കണമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്.
യുവതി പ്രവേശന കാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നത് ന്യായമായ ആവശ്യമാണ്. എന്നാല്‍, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതി നല്കിയ സത്യവാങ്മൂലം തിരുത്തണമെന്ന് വാശി പിടിക്കേണ്ട ആവശ്യമില്ല. തിരുത്തിയ രീതിയിലാണ് സര്‍ക്കാരിന്റെ സമീപനമെന്നും മുന്‍കാല അനുഭവങ്ങള്‍ എല്‍ഡിഎഫിനുണ്ടെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചാല്‍ അതിന്റെ ഗുണം സര്‍ക്കാരിന് ഉണ്ടാകും. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രമാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന് പ്രതിപക്ഷം ഷണ്ഡന്മാരാണെന്നും അധിക്ഷേപിച്ചു.




