
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വിചാരിച്ചാല്‍ കുറഞ്ഞത് 10 കോണ്‍ഗ്രസ് നേതാക്കളെങ്കിലും വീട്ടിലിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയയുടെ എറണാകുളം ജില്ലാ മുന്‍ ചുമതലക്കാരന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന ഡിജിറ്റല്‍ മീഡിയ ടീമംഗങ്ങളാണ് ഭീഷണിപ്പെടുത്തിയതെന്ന് കാണിച്ച് കോണ്‍ഗ്രസ് വൈറ്റില ബ്ലോക്ക് സെക്രട്ടറി കൂടിയായ പി വി ജെയിന്‍ കെപിസിസി പ്രസിഡന്റിന് പരാതി അയച്ചു.
മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പിന്തുണച്ച് സാമൂഹിക മാധ്യമത്തില്‍ കുറിപ്പ് ഇട്ടപ്പോഴായിരുന്നു ഭീഷണിയെന്നും പരാതിയില്‍ പറയുന്നു. പിന്നാലെ, ഡിജിറ്റല്‍ മീഡിയയുടെ ജില്ലാ ചുമതലയില്‍ നിന്ന് ഒഴിവാക്കിയതായും പരാതിയില്‍ ആരോപിക്കുന്നു. വിഷയത്തില്‍ നേതൃത്വത്തെ പിന്തുണച്ച് കുറിപ്പ് ഇടുമ്പോള്‍ ആര്‍ക്കാണ് വിഷമമുണ്ടാകുന്നതെന്ന് കെപിസിസി അന്വേഷിക്കണമെന്നും ജെയിന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
മാങ്കൂട്ടത്തിലിനെ അനുകൂലിക്കാത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഒൗദ്യോഗിക ഡിജിറ്റല്‍ മീഡിയ സംഘം തന്നെയാണ് സൈബര്‍ ആക്രമണം നടത്തുന്നത്. ജിജോ മാത്യു, സന്ദീപ് വാഴക്കാടന്‍, റെനേഷ് തുരുത്തിക്കാടന്‍ തുടങ്ങിയവര്‍ അതിനായി വ്യാജ ഫെയ്സ്ബുക്ക് ഐഡികള്‍ ഉപയോഗിക്കുന്നതായും പരാതിയില്‍ ആരോപിക്കുന്നു. പാര്‍ട്ടിക്ക് ഗുണകരമാകുന്ന കാര്യങ്ങളല്ല ഇവര്‍ ചെയ്യുന്നത്. ചില നേതാക്കളെ സുഖിപ്പിക്കാന്‍ അവരുടെ പടംവച്ചുള്ള പോസ്റ്റുകള്‍ മാത്രമാണ് അവര്‍ ഇറക്കുന്നത്. പല നേതാക്കള്‍ക്കും ഇതൊക്കെ അറിയാം. എന്നിട്ടും മിണ്ടാതിരിക്കുന്നത്, ഇവര്‍ അവര്‍ക്കുവേണ്ടിയും പണം വാങ്ങിയതുകൊണ്ടാണോ എന്നും ജെയിന്‍ പരാതിയില്‍ ചോദിക്കുന്നു.