KeralaNews

ഓണത്തെ വരവേൽക്കാൻ തൃപ്പൂണിത്തുറ അത്തച്ചമയം നാളെ; മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും

ഓണാഘോഷങ്ങളുടെ വരവറിയിക്കുന്ന ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം നാളെ. വർണ്ണക്കാഴ്ചകൾ സമ്മാനിക്കുന്ന അത്തം ഘോഷയാത്ര മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. നഗരം ചുറ്റിയുള്ള ഘോഷയാത്രയിൽ മുന്നൂറില്‍പ്പരം കലാകാരൻമാർ അണിനിരക്കും.

രാജനഗരിയെ നിറക്കാഴ്ചകൾ കൊണ്ട് സമ്പന്നമാക്കുന്ന അത്തം ഘോഷയാത്രക്കായി നാട് ഒരുങ്ങിക്കഴിഞ്ഞു. തൃപ്പൂണിത്തുറ നഗരസഭാ അത്താഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഘോഷയാത്ര ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ മന്ത്രി പി. രാജീവ് അത്തപ്പതാക ഉയർത്തും. ഉദ്ഘാടന ചടങ്ങിനു ശേഷം ഒമ്പതരയ്ക്ക് നടൻ ജയറാം അത്തം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. നഗരം ചുറ്റിയുള്ള അത്തം ഘോഷയാത്രയിൽ വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും വിസ്മയം തീർക്കും. ജാതി മത ഭേദമെന്യേ മുന്നൂറില്‍പ്പരം കലാകാരൻമാർ ഘോഷയാത്രയിൽ പങ്കെടുക്കും.ഇത്തവണത്തെ അത്തച്ചമയം ഭിന്നശേഷി സൗഹൃദമെന്ന പ്രത്യേകതയുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ രമ സന്തോഷ് അറിയിച്ചു.

അത്തച്ചമയഘോഷയാത്രക്ക് മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് ഹില്‍പാലസില്‍ നടന്ന ചടങ്ങില്‍ വെച്ച് രാജകുടുംബ പ്രതിനിധിയില്‍ നിന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ അത്തപ്പതാക ഏറ്റുവാങ്ങിയിരുന്നു.പൊതുജനങ്ങള്‍ക്ക് ഘോഷയാത്ര കാണാന്‍ വിപുലമായ സൗകര്യങ്ങളാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്.സുരക്ഷക്കായി 450 ഓളം പോലീസുദ്യോഗസ്ഥരെയും വിന്യസിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button