KeralaNews

എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്ന കാര്യം ആലോചനയിൽ പോലും ഇല്ല ; രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്

എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. രാജി ആലോചനയിൽ പോലും ഇല്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമപരമായി ഒരു പരാതിയും ലഭിക്കാഞ്ഞിട്ടും പോലും സ്വമേധയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചെന്നും എംഎൽഎ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം.

അതേസമയം, രാഹുലിന്‍റെ രാജിക്കായി സമ്മർദം മുറുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിൽ ഒരു വിഭാഗം രം​ഗത്തെത്തി. സംരക്ഷിച്ച് വളര്‍ത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കൈവിട്ടു. വിശ്വസിച്ച് കൊണ്ടു നടന്ന യുവനേതാവിനെതിരെ നിര നിരയായുള്ള വെളിപ്പെടുത്തലുകളും പരാതികളും വരുന്നതിന്‍റെ അമര്‍ഷത്തിലും വിഷമത്തിലുമാണ് സതീശൻ. നൽകിയ സ്ഥാനമാനങ്ങളോടും അവസരങ്ങളോടും ഉത്തരവാദിത്തം കാട്ടാത്ത ഒരാള്‍ ഇനി തന്‍റെ ടീമിൽ വേണ്ടെന്ന നിലപാടിലേയ്ക്ക് പ്രതിപക്ഷ നേതാവ് മാറി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ആദ്യ പടിയെന്നും കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന് പറയിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.

രാഹുലിനെ സംരക്ഷിച്ചെന്ന വിമര്‍ശനം പാര്‍ട്ടിയിൽ ശക്തമാകുമ്പോഴാണ് യുവനേതാവിനെ സതീശൻ കൈവിടുന്നത്. എംഎൽഎ സ്ഥാനം രാജിവച്ചാൽ എതിരാളികളുടെ വായടപ്പിച്ച് പാര്‍ട്ടിക്ക് മുന്നേറാമെന്നാണ് കണക്ക് കൂട്ടൽ. സാങ്കേതികത്വം പറഞ്ഞ് നിന്നാൽ കൂടുതൽ കുഴപ്പത്തിലേയ്ക്കും നാണക്കേടിലേയ്ക്കും പാര്‍ട്ടി പോകും. രാഹുൽ വിഷയം അടിമുടി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. അതിൽ നിന്ന് പുറത്ത് കടന്ന് മുന്നേറാൻ എംഎൽഎ സ്ഥാനത്ത് നിന്ന് രാജി കൊണ്ടേ കഴിയൂവെന്നാണ് വാദം. അത് നിയമസഭയിലും പുറത്തും പാര്‍ട്ടിക്ക് എതിരാളികളെ തിരിച്ചടിക്കാനുള്ള നല്ല ആയുധമാകുമെന്നാണ് രാജി ആവശ്യപ്പെടുന്നവരുടെ അഭിപ്രായം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button