CrimeNews

അന്യമതസ്ഥനെ പ്രണയിച്ച 14കാരിയായ മകളെ കൊല്ലാൻ ശ്രമിച്ച പിതാവ് കസ്റ്റഡിയിൽ; സംഭവം എറണാകുളം ജില്ലയിലെ ആലങ്ങാട്

കൊച്ചി: അന്യമതസ്ഥനെ പ്രണയിച്ചതിന് 14കാരിയായ മകളെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പിതാവ് കസ്റ്റഡിയിൽ. എറണാകുളം ജില്ലയിലെ ആലങ്ങാടാണ് സംഭവം. കമ്പിവടി കൊണ്ട് പെണ്‍കുട്ടിയുടെ ദേഹമാസകലം ക്രൂരമായി തല്ലിച്ചതയ്ക്കുകയും കുട്ടിയുടെ വായില്‍ ബലമായി കളനാശിനി ഒഴിക്കുകയുമാണ് പിതാവ് ചെയ്തത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സഹപാഠിയായ ആൺകുട്ടിയുമായി പെൺകുട്ടി പ്രണത്തിലാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് പിതാവിന്‍റെ ക്രൂരത. പ്രണയ ബന്ധം അറിഞ്ഞതിനുപിന്നാലെ ഫോണ്‍ ഉപയോഗിക്കരുതെന്നു പറഞ്ഞ് അതു പിടിച്ചുവാങ്ങിവച്ചിരുന്നതായി പൊലീസ് പറയുന്നു.

എന്നാല്‍ പെണ്‍കുട്ടി മറ്റൊരു ഫോണ്‍ ഉപയോഗിച്ച്‌ ആണ്‍കുട്ടിയുമായുള്ള ബന്ധം തുടരുകയായിരുന്നു. ഇത് അറിഞ്ഞതോടെയാണ് പെൺകുട്ടിയെ കൊലപ്പെടുത്താൻ പിതാവ് ശ്രമിച്ചതെന്ന് ആലുവ വെസ്റ്റ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.

വിഷം കുടിപ്പിക്കാൻ ശ്രമിച്ചശേഷം പിതാവ് തന്നെയാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുപ്പിയുടെ അടപ്പ് കടിച്ചുതുറക്കാൻ ശ്രമിച്ചപ്പോൾ വിഷം വായിൽ ആയെന്നാണ് പിതാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ തന്‍റെ വായിലേക്ക് ബലമായി വിഷം ഒഴിവാക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.

ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button