
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സിനിമ കോൺക്ലേവിനിടെ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ നടപടിയുമായി എസ് സി/എസ് ടി കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഇടപെടൽ.
അതേസമയം അടൂരിന്റെ വിവിധ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ പരാമർശം നിർഭാഗ്യകരമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായാണ് സർക്കാർ പദ്ധതികൾ വിഭാവനം ചെയ്യുന്നത് എന്നും അവരുടെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ ഉന്നമനത്തിനായി തുടർന്നും സർക്കാർ നിലകൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.