
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നത് ദുഃഖകരമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ പോയ ജനപ്രതിനിധികളെ തടയുക, മിഥുന്റെ വീട്ടിലേയ്ക്ക് പോയ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കെതിരെ കരിങ്കൊടി കാണിക്കുക തുടങ്ങിയവയൊക്കെ തീര്‍ത്തും അപലപനീയമാണ്.
വലിയ മുന്നൊരുക്കങ്ങളോടെയും തയ്യാറെടുപ്പുകളോടും കൂടിയാണ് സ്‌കൂളുകള്‍ സര്‍ക്കാര്‍ തുറന്നത്. പതിനാലായിരത്തോളം വരുന്ന സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും നടന്നു. ഇതിനു മുന്നോടിയായി മെയ് 13-ന് തന്നെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഈ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ സുരക്ഷാ ഓഡിറ്റ് നടന്നത്. എല്ലാ അക്കാദമിക വര്‍ഷം തുടങ്ങുന്നതിനു മുമ്പും പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളില്‍ സുരക്ഷാ ഓഡിറ്റ് നടത്താറുണ്ട്.
ഇതിനെക്കുറിച്ച് ധാരണയില്ലാത്തവരാണ് സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന ആവശ്യം ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാതലത്തിലുമുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ യോഗം ചേരുകയും സുരക്ഷാ പരിശോധനകള്‍ വീണ്ടും നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
മിഥുന്റെ കുടുംബത്തോട് ഒപ്പമാണ് സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വീട് നിര്‍മിച്ചു നല്‍കും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ മിഥുന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നുണ്ട്. മിഥുന്റെ അനിയന് പരീക്ഷാ ഫീസ് അടക്കം ഇളവ് നല്‍കി പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും പൊതു വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.