പട്ന: ബിഹാറിൽ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു. 52-കാരനായ സുരേന്ദ്ര കെവാത്താണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പുൻപുൻ ബ്ലോക്കിലെ പിപ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷെയ്ഖ്പുര ഗ്രാമത്തിലായിരുന്നു സംഭവം. പുൻപുനിലെ ബിജെപി കിസാൻ മോർച്ചയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. ബൈക്കിലെത്തിയ രണ്ട് അക്രമികൾ നാല് തവണ വെടിയുതിർക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ സുരേന്ദ്രയെ പട്‌ന എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃഗഡോക്ടറും കർഷകനുമായിരുന്നു സുരേന്ദ്ര കെവാത്ത്. വ്യക്തിവൈരാഗ്യമോ രാഷ്ട്രീയ വൈരാഗ്യമോ ആയിരിക്കാം സുരേന്ദ്ര കെവാത്തിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.