KeralaNews

‘കീമില്‍ ഇനി വിശദീകരിക്കേണ്ട ഒരു ബാധ്യതയും ഇല്ല’ : മന്ത്രി ആര്‍ ബിന്ദു

എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കീം റാങ്ക് പട്ടികയില്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കഴിഞ്ഞവര്‍ഷം കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 35 മാര്‍ക്കിന്റെ കുറവുണ്ടായി. അത് അനീതിയായിരുന്നു. പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയാലും കേരള സിലബസിലെ കുട്ടികൾക്ക് 35 മാര്‍ക്ക് കുറവാകുന്ന സ്ഥിതിയുണ്ട്.

അത് മറികടക്കാന്‍ പല ഫോര്‍മുലകളും പരിഗണിച്ചു. വിദഗ്ധ സമിതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച എന്‍ട്രന്‍സ് കമ്മീഷണര്‍ അദ്ദേഹത്തിന്റെ വാദങ്ങളും മുന്നോട്ടുവെച്ചു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ശാസ്ത്രീയം എന്നു പറയാവുന്ന ഫോര്‍മുലയെ അവലംബിച്ചത്. സര്‍ക്കാരിന് ഏതു സമയത്ത് വേണമെങ്കിലും നിബന്ധനകളില്‍ മാറ്റം വരുത്താവുന്നതാണ് എന്ന തരത്തില്‍, പ്രോസ്‌പെക്ടസില്‍ ഒരു പ്രോവിഷന്‍ കൊടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. മന്ത്രി പറഞ്ഞു.

കീം പരീക്ഷയെ ഒരു വിധത്തിലും ബാധിക്കുന്ന കാര്യമല്ല അത്. കീം പരീക്ഷ കഴിഞ്ഞിട്ടാണ് സ്റ്റാന്റഡൈസേഷന്‍ പ്രക്രിയ വരുന്നത്. സ്റ്റാന്റഡൈസേഷനില്‍ തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു കുട്ടിക്കും നഷ്ടം വരരുതെന്ന് കരുതി സദുദ്ദേശപരമായിട്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ചെയ്തത്. എന്നാല്‍ ചില കുട്ടികള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് ഒരു വിധി പ്രസ്താവിച്ചു. ഡിവിഷന്‍ ബെഞ്ച് ആ വിധിയുടെ മേല്‍ അഭിപ്രായം പറയുന്നില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

ഇതേത്തുടര്‍ന്ന് സമയം വൈകിക്കാതെ, 2011 മുതല്‍ പിന്തുടരുന്ന സ്റ്റാന്റഡൈസേഷന്‍ പ്രക്രിയ സ്വീകരിച്ചുകൊണ്ട് എത്രയും പെട്ടെന്ന് ലിസ്റ്റ് പുറത്തുവിടുകയാണ് ചെയ്തത്. ഇനിയും അഡ്മിഷന്‍ പ്രക്രിയ വൈകാന്‍ പാടില്ലെന്നതിനാലാണ് ഇന്നലെത്തന്നെ ലിസ്റ്റ് പുറത്തു വിട്ടത്. മന്ത്രിസഭ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെടുത്തത്. അതില്‍ തനിക്ക് ഇപ്പോഴും ഒരു സംശയവുമില്ല. അതേക്കുറിച്ച് വിശദീകരിക്കണ്ട ബാധ്യതയന്നുമില്ല. നിങ്ങളൊക്കെ വലിയ സിഐഡികളാണല്ലോ എന്നും മന്ത്രി ബിന്ദു മാധ്യമങ്ങളെ പരിഹസിച്ചു. വലിയ കോടതിയാകേണ്ടെന്നും മന്ത്രി ബിന്ദു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button