കെട്ടിടത്തിൽ പ്രവർത്തനം പാടില്ലെന്ന് മുന്നറിയിപ്പ്; ഡിഎംഇ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് അയച്ച കത്ത് പുറത്ത്

0

കോട്ടയം ഗവ.മെഡിക്കൽ കോളജിൽ നടന്ന ദാരുണ അപകടത്തിന് മുമ്പ് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ (DME) നൽകിയ മുന്നറിയിപ്പ് കത്ത് പുറത്തുവന്നു. മെയ് 24-ന്, മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് അയച്ച കത്തിലാണ്, അപകടം സംഭവിച്ച പഴയ കെട്ടിടത്തിൽ പ്രവർത്തനം പാടില്ലെന്ന് നിർദേശം നൽകിയിരുന്നത്.

ബലക്ഷയമുള്ള പഴയ കെട്ടിടത്തിൽ നിന്നുള്ള രോഗികളെ, പുതുതായി പണി തീർത്ത സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റണമെന്നും കത്തിൽ നിർദേശിച്ചിരുന്നു. പുതിയ കെട്ടിടത്തിൽ ആവശ്യമായ ഉപകരണങ്ങൾ ലഭിക്കുന്നതുവരെ, പഴയ ബ്ലോക്കിലെ ഉപകരണങ്ങൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാമെന്നും കത്തിൽ നിർദേശിച്ചിരുന്നു. മുന്നറിയിപ്പ് നേരത്തെ നൽകിയിട്ടും അതിനെ അവഗണിച്ച് പഴയ കെട്ടിടം തുടർന്നും ഉപയോഗിച്ചതാണ് ഇപ്പോഴത്തെ ദുരന്തത്തിന് ഇടയാക്കിയതെന്ന് വിമർശനങ്ങളാണ് ഉയരുന്നത്.മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥയാണ് കത്തിലൂടെ വ്യക്തമാകുന്നത്.

അതിനിടെ കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് പുതുതായി പണികഴിപ്പിച്ച സർജിക്കൽ ബ്ലോക്കിലേക്ക് പൂർണ്ണമായും മാറുന്ന പ്രക്രിയ നടന്നു വരുന്നതിനിടയാണ് കോട്ടയം ഗവ. മെഡിക്കൽ കോളജിൽ നിലവിലെ 11,14,10 വാർഡുകളോട് ചേർന്നുള്ള ടോയ്‌ലറ്റ് കോംപ്ലക്‌സ് ഇടിഞ്ഞുവീണതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് പറഞ്ഞു.

ഈ കോംപ്ലക്സിന്റെ 11, 14 വാർഡുകളിൽ നിന്നുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചിട്ടുള്ളതും നിലവിൽ ഉപയോഗത്തിലില്ലാത്തതുമാണെന്നും ഡോ. വർഗീസ് പി. പുന്നൂസ് പറഞ്ഞു. അപകടത്തിൽ ബിന്ദു (52 വയസ്സ്), ചേപ്പോത്തുകുന്നേൽ, ഉമ്മാൻകുന്ന് തലയോലപ്പറമ്പ് എന്നയാൾ മരിച്ചു. അലീന (11), അമൽ പ്രദീപ് (20), ജിനു സജി (38) എന്നിവർക്ക് സാരമില്ലാത്ത പരിക്കേൽക്കുകയും ചെയ്തു. എല്ലാ കിടപ്പു രോഗികളും പൂർണ്ണമായും സുരക്ഷിതരാണെന്നും ഡോ. വർഗീസ് പി. പുന്നൂസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here