നടൻ കൃഷ്ണകുമാർ പ്രതിയായ തട്ടികൊണ്ടുപോകൽ കേസ് ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നടൻ കൃഷ്ണകുമാർ പ്രതിയായ തട്ടികൊണ്ടുപോകൽ കേസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കേസിലെ കവടിയാറിലെ ഫ്ലാറ്റിൽ നിന്നും പരാതിക്കാരികൾ കൃഷ്ണകുമാറിന്റെ വാഹനത്തിൽ കയറുന്നത് ദൃശ്യങ്ങളിൽ കാണാം. രണ്ട് ജീവനക്കാരികളാണ് ഇവിടെ നിന്ന് വാഹനത്തിൽ കയറുന്നത്. എന്നാൽ ഇവർ ആരോപിക്കുന്നതുപോലെ ബലപ്രയോഗം നടത്തി തട്ടികൊണ്ടുപോയതായി ഈ ദൃശ്യങ്ങളിലില്ല. പരാതിക്കാരിൽ ഒരു സ്ത്രീ സ്വന്തം സ്കൂട്ടിൽ വാഹനത്തിന് പിന്നാലെ പോവുന്നതും ദൃശ്യങ്ങളിലുണ്ട്.
കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, പണാപഹരണം എന്നിങ്ങനെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കഴിഞ്ഞ മാസം 30ന് നടന്ന കേസിന് ആസ്പദമായ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടു. കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ കവടിയാറിലുള്ള ഫ്ലാറ്റിലേക്ക് ചർച്ചയ്ക്കായി സ്ഥാപനത്തിലെ ജീവനക്കാരികളെ വിളിച്ചുവരുത്തുകയായിരുന്നു. കൃഷ്ണകുമാറും കുടുംബവും ഈ സമയം ഇവിടെയുണ്ടായിരുന്നു.
ചർച്ചയ്ക്കിടെ വാക്കുതർക്കമുണ്ടായപ്പോൾ ഫ്ലാറ്റിലെ കെയർ ടേക്കറും റെസിഡൻസ് അസോസിയേഷൻ ഭാരവാഹിയും ഇടപെട്ട് ഉച്ചത്തിലുള്ള സംസാരം വിലക്കി. തുടർന്നാണ് ഇവർ അമ്പലംമുക്കിലുള്ള ഓഫീലേക്ക് പോയത്. ഇവിടേക്ക് തട്ടിക്കൊണ്ട് പോയി ബന്ധിയാക്കി വെച്ച് പണം അപഹരിച്ചു എന്നായിരുന്നു ജീവനക്കാരികളുടെ പരാതി. കൃഷ്ണകുമാർ നൽകിയ പരാതിക്ക് ശേഷമായിരുന്നു ഈ പരാതി വന്നത്. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ ഇതിന് വിരുദ്ധമായ കാര്യങ്ങളാണുള്ളത്. മൂന്ന് ജീവനക്കാരികളിൽ രണ്ട് പേർ സ്വമേധയാ കാറിൽ കയറി പോകുന്നത് കാണാം. ഒരാൾ കാറിന് പിന്നാലെ സ്വന്തം സ്കൂട്ടറിൽ തന്നെ പോവുകയും ചെയ്യുന്നു. ബലപ്രയോഗം നടന്നിട്ടില്ലെന്ന് ഇവിടെയുണ്ടായിരുന്ന മറ്റുള്ളവരും മൊഴി നൽകിയിട്ടുണ്ട്.