
നിതിൻ ഗഡ്കരിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാധ്യമം വഴിയാണ് നന്ദി അറിയിച്ചത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ക്രിയാത്മകമായ കൂടിക്കാഴ്ച നടത്തിയെന്ന് പിണറായി വിജയൻ കുറിച്ചു. കേന്ദ്രമന്ത്രിയുടെ തുടർച്ചയായ പിന്തുണയ്ക്ക് നന്ദിയെന്നും മുഖ്യമന്ത്രി പോസ്റ്റിൽ പറയുന്നു.
അതേസമയം 2026 ലെ പുതുവർഷ സമ്മാനമായി NH 66 യാഥാർത്ഥ്യമാകുമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഡിസംബറിൽ തന്നെ പദ്ധതി പൂർത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പുനൽകിയതായി റിയാസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി..കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സംസ്ഥാനം ആവശ്യപ്പെട്ട തിരുവനന്തപുരം ഔട്ടർ റിങ് റോഡ് ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾക്കും കേന്ദ്ര അനുമതി. ദേശീയ പാത നിർമ്മാണത്തിലെ അപാകതകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുവാനും കൂടിക്കാഴ്ചയിൽ തീരുമാനം.
ദേശീയപാത നിർമ്മാണത്തിൽ NHAI ക്കുണ്ടായ അപാകതകൾ, തുടർ നിർമ്മാണപ്രവർത്തനങ്ങൾ, സംസ്ഥാനത്തിന്റെ പുതിയ പദ്ധതികൾ തുടങ്ങി നിരവധി വിഷയങ്ങളാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട സംഘം നടത്തിയ കൂടിക്കാഴ്ചയിൽ ഉയർന്നത്. 360 മീറ്റർ വയഡക്ട് നിർമ്മിക്കാൻ കൂടിക്കാഴ്ചയിൽ ഉറപ്പ് ലഭിച്ചിട്ടുണ്ട്..നിർമ്മാണത്തിലെ അപാകതകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
എൻഎച്ച് 66 യാഥാർത്ഥ്യമാകില്ലെന്ന വാദങ്ങളെ സർക്കാർ നിഷ്പ്രഭമാക്കി. സംസ്ഥാന സർക്കാറും, മുഖ്യമന്ത്രിയും സാധ്യമായ എല്ലാ ഇടപെടലുകളും നടത്തി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. 2025 ഡിസംബറിൽ തന്നെ പദ്ധതി പൂർത്തീകരിച്ച് 2026 ലെ പുതുവർഷ സമ്മാനമമായി സമർപ്പിക്കുമെന്നും സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.




