News

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ: വിമർശിച്ച മന്ത്രി ശിവൻകുട്ടിക്ക് എൻസിഇആർടിയുടെ മറുപടി

ദില്ലി : ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള എൻസിഇആർടി തീരുമാനത്തിനെതിരെ രംഗത്തെത്തിയ കേരളാ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയായി എൻസിഇആർടി. പാഠപുസ്തകങ്ങൾക്ക് സംഗീതോപകരണങ്ങളുടെയും ക്ലാസിക്കൽ രാഗങ്ങളുടെയും പേരുകളാണ് നൽകിയതെന്നും ഇന്ത്യയുടെ സംഗീത പൈതൃകം പൊതുവായുള്ളതാണെന്നുമാണ് വിശദീകരണം.

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ വിമർശനം. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്കാരിക അടിച്ചേൽപ്പിക്കലിന്റെ ഉദാഹരണമാണ് നീക്കമെന്നും പതിറ്റാണ്ടുകളായി ഭാഷാ വൈവിധ്യത്തെ മാനിച്ചും കുട്ടികളുടെ മനസ്സിൽ സംവേദനപരമായ സമീപനം വളർത്താനും ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് തലക്കെട്ടുകൾ മാറ്റി, മൃദംഗ്, സന്തൂർ പോലുള്ള ഹിന്ദി തലക്കെട്ടുകളിലേയ്ക്ക് വഴിമാറ്റിയത് തീർത്തും ശരിയല്ലെന്നും മന്ത്രി തുറന്നടിച്ചിരുന്നു.

കേരളം, ഹിന്ദി സംസാരിക്കാത്ത മറ്റ് സംസ്ഥാനങ്ങളെപ്പോലെ തന്നെ, ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കാനും പ്രാദേശിക സാംസ്കാരിക സ്വാതന്ത്ര്യത്തിന് മുൻതൂക്കം നൽകാനും പ്രതിജ്ഞാബദ്ധമാണെന്ന നിലപാടിലാണ് മന്ത്രി. എൻസിആര്‍ടിയുടെ തീരുമാനം ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും എതിരെയുള്ള നടപടിയാണ്.

പാഠപുസ്തകത്തിലെ തലക്കെട്ടുകൾ വെറും പേരല്ല. അവ കുട്ടികളുടെ തിരിച്ചറിവിനെയും ഭാവനയെയും രൂപപ്പെടുത്തുന്നു. ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾക്ക് ഇംഗ്ലീഷ് തലക്കെട്ടുകൾ അർഹമാണ്. എൻസിആര്‍ടി ഈ തീരുമാനം പുനഃപരിശോധിക്കുകയും പിൻവലിക്കുകയും ചെയ്യണമെന്നും, എല്ലാ സംസ്ഥാനങ്ങളും ഇത്തരം അടിച്ചേൽപ്പിക്കലുകൾക്ക് എതിരായി ഒരുമിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എൻസിഇആർടിയുടെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button